ത്യാഗാര്‍പ്പണത്തിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ അയവിറക്കി രാജ്യം ഈദുല്‍ അദ്ഹ ആഘോഷിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ത്യാഗാര്‍പ്പണത്തിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ അയവിറക്കി രാജ്യം ഈദുല്‍ അദ്ഹ ആഘോഷിച്ചു. കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വലിയ ഈദ് ഗാഹുകള്‍ ഒഴിവാക്കി കൂടുതല്‍ പള്ളികളിലും ചെറിയ ഈദ് ഗാഹുകളിലുമായാണ് പെരുന്നാള്‍ നമസ്കാരം നടന്നത്. കണിശമായ കോവിഡ് പ്രോട്ടോക്കോളുകളും സുരക്ഷ മുന്‍കരുതലുകളും പാലിച്ചായിരുന്നു ആഘോഷം .
588 പള്ളികളിലും ഈദ് ഗാഹുകളിലുമായി നടന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. സാമൂഹിക അകലത്തിന്റെ കാലത്തും സ്നേഹബന്ധങ്ങളും കുടുംബ ബന്ധങ്ങളും ശക്തമാക്കണമെന്നും പ്രാര്‍ഥനയും ഗുണകാംക്ഷയും കൈമുതലാക്കിയാണ് സമൂഹം മുന്നോട്ടുപോവേണ്ടതെന്നും പെരുന്നാള്‍ ഖുതുബ നിര്‍വഹിച്ച ഇമാമുമാര്‍ ഉദ്ബോധിപ്പിച്ചു.
അല്‍ വജ്ബ ഈദ് ഗാഹിലാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചത്. അമീറിന്റെ പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ ഥാനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ ഥാനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍താനി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി, ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന് ബിന്‍ അബ്ദുല്ല അല്‍ ഗാനിം, ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ , അംബാസഡര്‍മാര്‍, ശൈഖുമാര്‍, മന്ത്രിമാര്‍ തുടങ്ങി നിരവധി പ്രമുഖരും അല്‍ വജബ ഈദ് ഗാഹിലെ പെരുന്നാള്‍ നമസ്കാരത്തില്‍ സംബന്ധിച്ചു.
ഈദ് കേവലം ആഘോഷങ്ങളില്‍ പരിമിതമാവാതെ ജീവിത വിശുദ്ധിയും ത്യാഗാര്‍പ്പണ സന്നദ്ധതയും വളര്‍ത്തണമെന്ന് വിവിധ പള്ളികളില്‍ ഖുതുബ നിര്‍വഹിച്ച ഖതീബുമാര്‍ ഉദ്ബോധിപ്പിച്ചു.