ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം, ഇന്ന് 637 പേര്‍ പിടിയില്‍
ഡോ. അമാനുല്ല വടക്കാങ്ങര –
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ഇന്ന് 637 പേര്‍ പിടിയില്‍. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 557 പേരാണ് പിടിയിലായത്. ഇതോടെ ഖത്തറില്‍ ഫേസ് മാസ്‌ക് ധരിക്കാത്തതിന് പിടിയിലായവര്‍ 13426 ആയി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഫേസ് മാസ്‌ക് നിര്‍ബന്ധമാക്കുകയും വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കണിശമായ ശിക്ഷ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമ്പോഴും നിയമലംഘകരുടെ എണ്ണം കൂടുന്നുവെന്നത് ആശാവഹമല്ല.
കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.
കാറിലെ പരമാവധി എണ്ണം പാലിക്കാത്തതിന് ഇന്ന് 59പേരെ പിടികൂടിയതോടെ ഈ കുറ്റത്തിന് പിടിക്കപ്പെട്ടവര്‍ 490 ആയി.
മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് 9 പേരേയും സാമൂഹിക അകലം പാലിക്കാത്തതിന് 6 പേരേയുമാണ് ഇന്ന് പിടികൂടിയത്.
പിടികൂടിയവരെയെല്ലാം പബ്‌ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.
കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും പ്രധാന മാര്‍ഗമായ ഫേസ് മാസ്‌ക് ധരിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വന്തം സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും ഇത് വളരെ അത്യാവശ്യമാണ്. ഷോപ്പിംഗ് മാളുകളിലും ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നതില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.