ഫിഫ 2022 ലോകകപ്പില്‍ പങ്കെടുക്കുന്ന ഖത്തര്‍ നാഷണല്‍ ഫുട്ബോള്‍ ടീം പരിശീലനം ഇന്ന്, പൊതുജനങ്ങള്‍ക്കും വീക്ഷിക്കാനവസരം
അമാനുല്ല വടക്കാങ്ങര
ദോഹ.നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഖത്തര്‍ ദേശീയ ഫുട്ബോള്‍ ടീം ശനിയാഴ്ച പ്രാദേശിക ക്യാമ്പ് ആരംഭിച്ചു, അടുത്ത ബുധനാഴ്ച വരെ ഇത് തുടരും.
അല്‍ സദ്ദ് ക്ലബിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ പരിശീലന സെഷനില്‍ ടീം പങ്കെടുത്തു. ഇന്ന് നടക്കുന്ന പരിശീലന പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവേശനം അനുവദിക്കുമെന്ന് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് (ക്യുഎഫ്എ) അറിയിച്ചു.
ലോകകപ്പില്‍ ഖത്തര്‍ ടീമിനെ പിന്തുണയ്ക്കുന്നതിനായി അസോസിയേഷന് ആരംഭിച്ച പ്രൊമോഷണല്‍ കാമ്പയിന്റെ ഭാഗമായി ടീമും ആരാധകരും തമ്മിലുള്ള ആശയവിനിമയം ലക്ഷ്യമിട്ടാണ് തുറന്ന പരിശീലനം.
കഴിഞ്ഞ ജൂണില്‍ സ്പെയിനിലും പിന്നീട് ഓസ്ട്രിയയിലും ആരംഭിച്ച ക്യാമ്പുകളുടെ വിപുലീകരണമായി സ്പെയിനിലെ മാര്‍ബെല്ലയില്‍ പുതിയ ക്യാമ്പ് ആരംഭിക്കുന്നതിനായി ഖത്തറി ടീം പ്രതിനിധി സംഘം അടുത്ത ബുധനാഴ്ച പുറപ്പെടും.