അഞ്ചര കിലോമീറ്റര്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി അല്‍ വാബ് സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്ന് അശ് ഗാല്‍
അമാനുല്ല വടക്കാങ്ങര
ദോഹ. അഞ്ചര കിലോമീറ്റര്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി അല്‍ വാബ് സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്ന് അശ് ഗാല്‍ . അല്‍ വാബ്, അല്‍ അസീസിയ, മെഹൈര്‍ജ, ബയാ, ലുഐബ്, മുറൈഖ്, മുഐതര്‍ എന്നിവിടങ്ങളിലെ നിവാസികള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അല്‍ വാബ് സ്ട്രീറ്റ് പൂര്‍ണ്ണമായും ഗതാഗതത്തിനായി തുറന്നത്.
നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെ ദോഹ എക്സ്പ്രസ് വേ, സബാ അല്‍ അഹമ്മദ് ഇടനാഴി, അല്‍ ഫുറൂസിയ, അല്‍ സൈലിയ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന റോഡ് ഉപഭോക്താക്കള്‍ക്ക് അല്‍ വാബ് സ്ട്രീറ്റ് ഒരു സുപ്രധാന ലിങ്കായി മാറും.
സബാഹ് അല്‍ അഹമ്മദ് ഇടനാഴിയെ അല്‍ ഫുറൂസിയ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് ഓരോ ദിശയിലും 3 വരികളുണ്ടായിരുന്നത് 4 വരികളാക്കി മാറ്റിയാണ് അശ്ഗാല്‍ പണി പൂര്‍ത്തിയാക്കിയത്. ഇതോടെംാപ്പം ചുറ്റുമുള്ള പ്രാദേശിക റോഡുകളുടെ ഭാഗങ്ങളും മെഹൈര്‍ജ ഇന്റര്‍സെക്ഷന്‍, ഖലീഫ ഒളിമ്പിക് സിറ്റി ഇന്റര്‍സെക്ഷന്‍, സ്പോര്‍ട്സ് ഹാള്‍ ഇന്റര്‍സെക്ഷന്‍, ബയ ഇന്റര്‍സെക്ഷന്‍ എന്നിങ്ങനെ നാല് ജംഗ്ഷനുകളും വികസിപ്പിച്ചു. ഇത് റോഡിന്റെ ശേഷി മണിക്കൂറില്‍ 12,000 വാഹനങ്ങളില്‍ നിന്ന് മണിക്കൂറില്‍ 16,000 വാഹനങ്ങളായി ഉയര്‍ത്തും. അതുപോലെ തന്നെ അല്‍ വാബ് റോഡ് ഉപയോക്താക്കള്‍ക്ക് പാര്‍പ്പിട മേഖലകളിലേക്കുള്ള പ്രവേശനവും പ്രദേശത്തെ ഷോപ്പിംഗ് മാളുകളിലേക്കും കായിക വിനോദ സൗകര്യങ്ങളിലേക്കും പ്രവേശനം സുഗമമാക്കുന്നു.
റോഡിന്റെ മിക്ക ഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്ന 3 കിലോമീറ്റര്‍ സൈക്ലിംഗ് പാതകളും 15 കിലോമീറ്റര്‍ കാല്‍നട പാതകളും പദ്ധതിയുടെ ഭാഗമായിരുന്നു. കൂടാതെ, ഏകദേശം 102,000 ചതുരശ്ര മീറ്റര്‍ ഹരിത പ്രദേശങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. 15,000 മീറ്റര്‍ മഴവെള്ള ശൃംഖല, 2,600 മീറ്റര്‍ കുടിവെള്ള ശൃംഖല പൈപ്പുകള്‍, 12 കിലോമീറ്റര്‍ വൈദ്യുതി ശൃംഖലകള്‍ എന്നിങ്ങനെ അടിസ്ഥാന സൗകര്യ സേവനങ്ങളും പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചിട്ടുണ്ട്. 440 ലൈറ്റിംഗ് തൂണുകള്‍ക്ക് പുറമേ, 81,000 ടണ്‍ അസ്ഫാല്‍റ്റ്, 185,000 ടണ്‍ ഉത്ഖനന സാമഗ്രികള്‍ , 295,000 ചതുരശ്ര മീറ്റര്‍ നടപ്പാത സാമഗ്രികള്‍ മുതലായവും ഉപയോഗിച്ചതായി അശ്ഗാല്‍ പറഞ്ഞു.