Uncategorized

ശ്വാസകോശം, പാന്‍ക്രിയാസ് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കൊരുങ്ങി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ലോകോത്തര സേവനങ്ങളും സംവിധാനങ്ങളും നടപ്പാക്കി ജനങ്ങളുടെ വിശ്വാസ്യത നേടിയ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ശ്വാസകോശം, പാന്‍ക്രിയാസ് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കൊരുങ്ങുന്നു.

അവയവദാനം പ്രോല്‍സാഹിപ്പിച്ച് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ നടത്തുന്ന അവയവമാറ്റിവെക്കല്‍ പദ്ധതിയുടെ വിജയത്തെ തുടര്‍ന്നാണ് സേവന രംഗത്ത് നാഴികക്കല്ലാകുന്ന ശ്വാസകോശം, പാന്‍ക്രിയാസ് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ തയ്യാറാകുന്നത്.

ഖത്തറിലെ ആദ്യത്തെ ശ്വാസകോശം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഉടനെ നടക്കുമെന്ന് ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടറും അവയം മാറ്റിവെക്കല്‍ കേന്ദ്രത്തിന്റെ ചുമതലക്കാരനുമായ ഡോ. യൂസുഫ് അല്‍ മസ്‌ലമാനി പറഞ്ഞു. അല്‍ ജസീറ ടെലിവിഷന്റെ ഡോക്ടറോടൊപ്പം പരിപാടിയിലാണ് അവയദാനത്തിന്റേയും മാറ്റിവെക്കല്‍ പ്രക്രിയയുടേയും വിവിധ വശങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.

പാന്‍ക്രിയാസ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയും താമസിയാതെ നടക്കും. ഇതോടെ പ്രമേഹ രോഗ ചികില്‍സയില്‍ വലിയ മാറ്റമുണ്ടായേക്കും.

ഹൃദയമാറ്റ ശസ്ത്രക്രിയക്കുള്ള സംവിധാനത്തെക്കുറിച്ചും ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ഈ സംവിധാനമൊരുക്കാനാകുമെന്നാണ് കരുതുന്നത്.

2012 ലാണ് ഖത്തര്‍ അവയവദാനത്തിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചത്. 440000 ആളുകളാണ് ഇതില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. അവയവദാനത്തിന് സന്നദ്ധരായി നിരവധി പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും പ്രായോഗികമായി പല കുടുംബങ്ങളും ഇനിയും തയ്യാറാകുന്നില്ല. അതുകൊണ്ട് തന്നെ പലപ്പോഴും അവയവങ്ങള്‍ക്കായി ദീര്‍ഘകാലം കാത്തിരിക്കേണ്ടി വരുന്നു.

2019 ല്‍ 31 വൃക്ക മാറ്റ ശസ്ത്രക്രിയകള്‍ വിജയകരമായി നടന്നു. കോവിഡ് കാരണം 2020 ല്‍ മൂന്നോ നാലോ കേസുകളാണ് നടന്നത്.

75 പേരാണ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്ര ക്രിയക്കായി കാത്തിരിക്കുന്നത്. കരള്‍ മാറ്റ ശസ്ത്രക്രിയക്കായി പത്തുപേര്‍ കാത്തിരിക്കുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!