Breaking News

ഖത്തറില്‍ നിരവധി വ്യാജ ഫിഫ ലോകകപ്പ് ട്രോഫികള്‍ പിടിച്ചെടുത്തു

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ നിരവധി വ്യാജ ഫിഫ ലോകകപ്പ് ട്രോഫികള്‍ പിടിച്ചെടുത്തു. ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ സഹകരണത്തോടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ സാമ്പത്തിക, സൈബര്‍ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്ന വകുപ്പ് നടത്തിയ ഓപ്പറേഷനിലാണ് 144 വ്യാജ ഫിഫ ലോകകപ്പ് ട്രോഫികള്‍ പിടിച്ചെടുത്തത്.

ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ആതിഥേയത്വം വഹിക്കുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട 2021 ലെ 10-ാം നമ്പര്‍ നിയമത്തിന്റെ ലംഘനമാണ് പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

വ്യാജ ഫിഫ ലോകകപ്പ് ട്രോഫികള്‍ വില്‍ക്കുന്ന ഒരു വെബ്സൈറ്റിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയ ശേഷമാണ് പ്രതികളെ പിടികൂടിയതെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു. നിയമലംഘകരുടെ കൈവശം നിരവധി വ്യാജ ട്രോഫികള്‍ കണ്ടെത്തുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ഡി ഫുട്‌ബോള്‍ അസോസിയേഷന്‍ (ഫിഫ) മുന്‍കൂര്‍ രേഖാമൂലമുള്ള സമ്മതം വാങ്ങാതെ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട ഒന്നും നിര്‍മിക്കാനോ വില്‍പന നടത്താനോ പാടില്ല. ഫിഫ ലോകകപ്പ് ഖത്തറുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി ബോധവല്‍ക്കരണ സന്ദേശങ്ങള്‍ സംഘാടകര്‍
പ്രസിദ്ധീകരിക്കുന്നു.

ഫിഫയുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയവും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി & ലെഗസിയും ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരും.

ബൗദ്ധിക സ്വത്തിനെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും നിയമപരമായ ഉത്തരവാദിത്തം ഒഴിവാക്കാന്‍ മറ്റുള്ളവരുടെ അവകാശങ്ങള്‍ ലംഘിക്കരുതെന്നും അധികാരികള്‍ എല്ലാവരോടും ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!