2036 ഒളിമ്പിക്‌സ് ഗെയിംസ് ബിഡ്ഡ് സമര്‍പ്പിക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഏറ്റവും മികച്ച രീതിയില്‍ നടത്തുന്നതിന്റെ ആത്മവിശ്വാസത്തില്‍ 2036 ഒളിമ്പിക്‌സ് ഗെയിംസ് ബിഡ്ഡ് സമര്‍പ്പിക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് . ഖത്തര്‍ ലോകകപ്പിനെ തുടക്കത്തില്‍ വിമര്‍ശിച്ചിരുന്നവര്‍ പോലും പിന്നീട് ഖത്തറിന്റെ സംഘാടക മികവിനേയും ലോകോത്തര സൗകര്യങ്ങളേയും പ്രശംസിക്കുന്ന സാഹചര്യത്തില്‍ ഖത്തറിന്റെ ശ്രമങ്ങള്‍ക്ക് പ്രസക്തിയേറെയാണെന്ന് വിലയിരുത്തപ്പെടുന്നു.
വേണ്ടി വന്നാല്‍ ചൂട് കാലം പരിഗണിച്ച് വിന്ററിലേക്ക് മാറ്റി ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ആതിഥ്യമരുളാന്‍ ഖത്തര്‍ തയ്യാറായേക്കുമെന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2036 ഒളിംപിക്‌സിനുള്ള ബിഡിങ് എന്ന് തുടങ്ങുമെന്ന് ഇന്റര്‍നാഷണല്‍ ഒളിമ്പിക്‌സ് കമ്മിറ്റി ഇതുവരെ അറിയിച്ചിട്ടില്ല. ഫിഫ 2022 ലോകകപ്പ് നല്‍കുന്ന വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ ഖത്തര്‍ പുതിയ ശ്രമങ്ങള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .
ഇന്ത്യ, ഇന്തോനേഷ്യ, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളും 2036 ഒളിംപിക്‌സിന് വേദിയാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചിച്ചതായാണ് അറിയുന്നത്.