കര്‍വയുടെ ഇലക്ട്രിക് ബസ്സുകള്‍ 16 ലക്ഷം കിലോ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് ഒഴിവാക്കാന്‍ സഹായിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. കര്‍വയുടെ ഇലക്ട്രിക് ബസ്സുകള്‍ 16 ലക്ഷം കിലോ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറം തള്ളുന്നത് ഒഴിവാക്കാന്‍ സഹായിച്ചതായി മുവാസ്വലാത്ത് അറിയിച്ചു.2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ തുടക്കം മുതല്‍ ഡിസംബര്‍ 6 വരെ 1.8 മില്യണ്‍ കിലോമീറ്ററിലധികം ദൂരത്തേക്ക് തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങള്‍ യാത്രക്കാരെ കൊണ്ടുപോയി. ഇതിലൂടെ 1.6 മില്യണ്‍ കിലോഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് തടഞ്ഞതായി മൊവാസലാത്ത് (കര്‍വ) പറഞ്ഞു.
ലോകകപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 900 ഇ-ബസുകള്‍ വിന്യസിച്ചതായി ഇന്നലെ സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റില്‍ കമ്പനി അറിയിച്ചു.
മൊവാസലാത്തിന്റെ കണക്കനുസരിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ മൊത്തം സര്‍വീസ് ദൈര്‍ഘ്യം 141,309 മണിക്കൂറും മൊത്തം ദൂരം 1,848,393 കിലോമീറ്ററുമായിരുന്നു.
ഇലക്ട്രിക് ബസ്സുകള്‍ ഉപയോഗിച്ചത് കാരണം തടയാനായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളലിന്റെ അളവ് 1,684,256 കിലോഗ്രാം ആയിരുന്നു, ഇത് ഒരു വര്‍ഷ കാലയളവില്‍ 12,205 മരങ്ങളുടെ ആഗിരണ നിലവാരത്തിന് തുല്യമാണ്, കമ്പനി കൂട്ടിച്ചേര്‍ത്തു.