വികസനം കുറഞ്ഞ രാജ്യങ്ങള്‍ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 1.3 ബില്യണ്‍ റിയാല്‍ സഹായം നല്‍കി ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. 2020 മുതല്‍ ഏറ്റവും വികസനം കുറഞ്ഞ രാജ്യങ്ങള്‍ക്ക് ഖത്തര്‍ 1.3 ബില്യണ്‍ റിയാല്‍ സംഭാവന നല്‍കിയതായി റിപ്പോര്‍ട്ട്. ഈ പിന്തുണ ആഗോള, പ്രാദേശിക തലങ്ങളില്‍ സമൃദ്ധിയും സ്ഥിരതയും സാക്ഷാത്കരിക്കാനുള്ള രാജ്യത്തിന്റെ വലിയ താല്‍പ്പര്യത്തെ പ്രതിഫലിപ്പിക്കുന്നു.
മന്ത്രാലയത്തിന്റെ പ്രതിവാര ബ്രീഫിംഗില്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മാര്‍ച്ച് 5 മുതല്‍ 9 വരെ ദോഹയില്‍ നടക്കുന്ന ഏറ്റവും വികസനം കുറഞ്ഞ രാജ്യങ്ങളെക്കുറിച്ചുള്ള അഞ്ചാമത് ഐക്യരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുന്ന ലോകമെമ്പാടുമുള്ള പങ്കാളികളെ സ്വീകരിക്കാന്‍ ഖത്തറിന്റെ പൂര്‍ണ സന്നദ്ധത ഡോ. അല്‍-അന്‍സാരി സ്ഥിരീകരിച്ചു.
വിവിധോദ്ദേശ്യ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളുടെ, പ്രത്യേകിച്ച് വികസന പ്രവര്‍ത്തനങ്ങളുടെ തലസ്ഥാനമാണ് ദോഹയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു, അത് ഖത്തരി വിദേശ നയത്തിന് മുന്‍ഗണനയും പ്രാധാന്യവും നല്‍കുന്നു. ഏറ്റവും വികസനം കുറഞ്ഞ രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ പ്രധാന പിന്തുണക്കാരില്‍ ഒന്നാണ് ഖത്തര്‍. യുണൈറ്റഡ് നേഷന്‍സ് (യുഎന്‍) വര്‍ഗ്ഗീകരണം അനുസരിച്ച് 46 രാജ്യങ്ങളെ നിലവില്‍ വികസനം കുറഞ്ഞ രാജ്യങ്ങളായാണ് പരിഗണിക്കുന്നത്.