സംസ്‌കൃതി ലോക വനിതാദിനം ആചരിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ സംസ്‌കൃതി വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെ ഈ വര്‍ഷത്തെ ലോക വനിതാ ദിനം ആചരിച്ചു. ഖത്തര്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ ജോ. സെക്രട്ടറി എന്‍ സുകന്യ മുഖ്യാതിഥിയായിരുന്നു.
ലോക വനിതാ ദിനത്തിന്റെ ചരിത്രവും, സ്ത്രീകള്‍ ഇക്കാലത്തും അനുഭവിക്കുന്ന വിവേചനങ്ങളെയും എന്‍ സുകന്യ തന്റെ പ്രഭാഷണത്തില്‍ എടുത്തു പറഞ്ഞു. സാങ്കേതിക വിദ്യ പുരോഗമിക്കുന്നതിന്റെ ഫലമായി സ്ത്രീകളുടെ ശാരീരിക അധ്വാനഭാരം കുറയുന്നുണ്ട്. പക്ഷെ, കുടുംബത്തിലും സമൂഹത്തിലും സ്ത്രീകളുടെ പങ്കാളിത്തത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഇന്നും ഉണ്ടായിട്ടില്ല. സ്ത്രീകളുടെ അധ്വാനം കുറഞ്ഞ കൂലിക്കു ചൂഷണം ചെയ്യുന്ന അവസ്ഥയാണ് ഇന്ന് നിലനില്‍ക്കുന്നത്. തുല്യ ജോലിക്ക് തുല്യ വേതനം എന്നത് പരിഷ്‌കൃത സമൂഹം എന്നവകാശപ്പെടുന്ന ഇടങ്ങളില്‍ പോലും സാധ്യമാകുന്നില്ല എന്നും ലോക സ്ത്രീ മുന്നേറ്റത്തിന്റെ ചരിത്രത്തില്‍ പ്രായോഗികമായ മാറ്റങ്ങള്‍ കാണിച്ചത് സോവിയറ്റ് യൂണിയനും ക്യൂബയും ഉള്‍പ്പടെയുള്ള സോഷ്യലിസ്‌റ് രാജ്യങ്ങളാണ്. ഗാര്‍ഹിക അധ്വാനത്തെ കൃത്യമായി സംബോധന ചെയ്തത് ലെനിന്‍ ആണ് എന്നും അവര്‍ ചൂണ്ടിക്കാട്ടി.
പ്രഭാഷണത്തിന് ശേഷം സംസ്‌കൃതി കലാവിഭാഗം അവതരിപ്പിച്ച നൃത്ത നൃത്യങ്ങള്‍, സ്വജീവിതം കൊണ്ട് ജനമസ്സില്‍ ഇടം നേടി മണ്‍മറഞ്ഞുപോയ വനിതാ രത്‌നങ്ങളെ അടയാളപ്പെടുത്തിയ കാരിക്കേച്ചര്‍ ഷോ, എന്നിവ അരങ്ങേറി.
സംസ്‌കൃതി വനിതാ വേദി പ്രസിഡന്റ് പ്രതിഭാ രതീഷ് അധ്യക്ഷയായ ചടങ്ങില്‍, ജോ. സെക്രട്ടറി ഇന്ദു സുരേഷ് സ്വാഗതവും മുന്‍ സെക്രട്ടറി അര്‍ച്ചന ഓമനകുട്ടന്‍ നന്ദിയും പറഞ്ഞു. ഇന്‍കാസ് വനിതാ വിഭാഗം സെക്രട്ടറി മഞ്ജുഷ സെക്രട്ടറി ആശംസകള്‍ നേര്‍ന്നു.