ഖത്തറിലെ ചെടികളുടെ പ്രഥമ വിശ്വവിജ്ഞാനകോശം പുറത്തിറക്കി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ചെടികളുടെ പ്രഥമ വിശ്വവിജ്ഞാനകോശം പുറത്തിറക്കി. മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഡവലപ്മെന്റുമായി സഹകരിച്ചാണ് കിഴക്കന്‍ അറേബ്യയിലെ പ്രാദേശികവും അല്ലാത്തതുമായ ചെടികളെ പരിചയപ്പെടുത്തുന്ന ആദ്യത്തെ എന്‍സൈക്ലോപീഡിയ പുറത്തിറക്കിയത്. ദോഹ എക്സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നലെ സമാപിച്ച എട്ടാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ അഗ്രികള്‍ച്ചറല്‍ എക്സിബിഷനി (അഗ്രിടെക്്) ല്‍ വെച്ചാണ് വിശ്വവിജ്ഞാനകോശം പുറത്തിറക്കിയത്.
എന്‍സൈക്ലോപീഡിയ തയ്യാറാക്കാന്‍ ഏഴ് വര്‍ഷത്തെ ഗവേഷണമെടുത്തു. നൂറുകണക്കിന് പ്രത്യേക ശാസ്ത്ര പ്രസിദ്ധീകരണങ്ങളുടെ പര്യവേക്ഷണത്തിനൊപ്പം, ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഡവലപ്മെന്ററിലെ ലെ ഒരു കൂട്ടം വിദഗ്ധരും ചേര്‍ന്ന് നടത്തിയ ഫീല്‍ഡ് റിസര്‍ച്ചിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രൊജക്ട് സാക്ഷാല്‍ക്കരിച്ചത്.
ആറ് വാല്യങ്ങളിലായി ഏകദേശം 2,500 പേജുകള്‍ ഉള്‍ക്കൊള്ളുന്ന എന്‍സൈക്ലോപീഡിയ, ഖത്തറിലെ മരുഭൂമിയിലെ സസ്യങ്ങള്‍ നട്ടുവളര്‍ത്തുന്നതിനുള്ള സമഗ്രമായ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നു.
സംരക്ഷണ നില, ലോകമെമ്പാടുമുള്ള വിതരണം, പ്രദേശത്തെ നേറ്റിവിറ്റി, ആയുസ്സ്, പൊരുത്തപ്പെടുത്തല്‍, കൃഷി, സസ്യരൂപങ്ങള്‍ എന്നിങ്ങനെയുള്ള വിശദാംശങ്ങളോടെ ആസൂത്രിതമായി ക്രമീകരിച്ചിരിക്കുന്ന സസ്യജാലങ്ങളുടെ ഒരു ശേഖരമാണ് വിജ്ഞാനകോശത്തിന്റെ സവിശേഷത.