ഖത്തറില്‍ രോഗിക്ക് ആദ്യമായി റോബോട്ടിക് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍
ദോഹ: ഖത്തറില്‍ രോഗിക്ക് ആദ്യമായി റോബോട്ടിക് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍. എഴുപതിന് മേല്‍ പ്രായമുളള രോഗിക്കാണ് ആദ്യമായി റോബോട്ടിക് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പോലുള്ള മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പുറമേ, രോഗിക്ക് വര്‍ഷങ്ങളായി വിട്ടുമാറാത്ത വൃക്കസംബന്ധമായ പരാജയം ഉണ്ടായിരുന്നതിനാല്‍, ദിവസേന പെരിറ്റോണിയല്‍ ഡയാലിസിസ് ആവശ്യമായി വന്ന സാഹചര്യത്തിലാണ് വൃക്ക മാറ്റിവെച്ചത്.
എച്ച്എംസി ചീഫ് മെഡിക്കല്‍ ഓഫീസറും രോഗിക്ക് ശസ്ത്രക്രിയ നടത്തിയ സര്‍ജിക്കല്‍ ടീമിന്റെ തലവനുമായ ഡോ.അബ്ദുല്ല അല്‍ അന്‍സാരിയുടെ നേതൃത്വത്തില്‍ റോബോട്ടിക് സര്‍ജറിയിലും അവയവമാറ്റ ശസ്ത്രക്രിയയിലും വിദഗ്ധരായ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.
റോബോട്ടിക് സര്‍ജറിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും എച്ച്എംസിയിലെ സര്‍ജിക്കല്‍ റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഹെഡുമായ ഡോ ഒമര്‍ അബു മര്‍സൂഖ്, ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷനിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും എച്ച്എംസിയിലെ അവയവ മാറ്റിവയ്ക്കല്‍ വിഭാഗം ഡെപ്യൂട്ടി മേധാവിയുമായ ഡോ ഒമര്‍ അലി എന്നിവരും സംഘത്തിലുണ്ടായിരുന്നു.