Uncategorized

250 ഒലീവ് തൈകള്‍ നട്ട് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ശാന്തിയുടേയും സമാധാനത്തിന്റേയും അറേബ്യന്‍ സാംസ്‌കാരിക പാരമ്പര്യത്തിന്റേയും പൈതൃകങ്ങള്‍ പ്രതിനിധീകരിക്കുന്ന ഒലീവ് തൈകള്‍ നട്ട് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം. പരിസ്ഥിതി മന്ത്രാലയത്തിലെ പൊതു ഉദ്യാന വകുപ്പ്, അല്‍ അഹ്ലി ക്ലബിലെ അല്‍ അഖ്സാ കമ്മിറ്റി എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

പരിസ്ഥിതി സംരക്ഷണവും ആരോഗ്യകരമായ ജീവിത ചുറ്റുപാടും ഉറപ്പുവരുത്തുന്നതിനായി ഖത്തറില്‍ പത്തുലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി എയര്‍പോര്‍ട്ട് പാര്‍ക്കിലും ചില സ്വകാര്യ വീടുകളിലും ഫാമുകളിലുമായി 250 ഒലിവ് തൈകള്‍ നട്ടു. അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് ഇബ്രാഹിം അല്‍ സാദയുടെ സാന്നിധ്യത്തിലാണ് പരിപാടി നടന്നത്. പബ്ലിക് ഗാര്‍ഡന്‍സ് ഡിപ്പാര്‍ട്ട്‌മെന്റും കാമ്പയിനില്‍ പങ്കെടുക്കുന്ന മറ്റ് സ്ഥാപനങ്ങളുടെ പ്രതിനിധികളും സംബന്ധിച്ചു.

മരം ഒരു വരം എന്ന സുപ്രധാനമായ ആശയത്തിന് അടിവരയിടുന്നതോടൊപ്പം പ്രകൃതിയുടെ പച്ചപ്പ് നിലനിര്‍ത്തി പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പുവരുത്തുകയും നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിന് സഹായകമാവുകയും ചെയ്യുന്ന രീതിയിലാണ് കാമ്പയിന്‍ സംവിധാനിച്ചിരിക്കുന്നത്.

ആഗോള താപനവും കാലാവസ്ഥ മാറ്റവുമൊക്കെ ഗുരുതരമായ പ്രത്യാഘാതകങ്ങള്‍ സൃഷ്ടിക്കുന്ന സമകാലിക ലോകത്ത് ഏറ്റവും ശ്രദ്ധേയമായ ഒരു ദൗത്യമാണ് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം ഏറ്റെടുത്തിരിക്കുന്നത്.

ഖത്തറിലെ മുഴുവന്‍ ജനങ്ങളുടേയും സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്തിയാണ് ഈ കാമ്പയിന്‍ മന്ത്രാലയം ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!