ഖത്തറില്‍ വ്യാവസായിക മേഖലയിലെ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഭൂമിയുടെ വാടക 90% കുറച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ദേശീയ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ഖത്തറില്‍ വ്യാവസായിക മേഖലയിലെ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഭൂമിയുടെ വാടക 90% കുറച്ചു. വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നിയുക്തമാക്കിയ ഭൂമിയുടെ പ്രതിവര്‍ഷ വാടക ചതുരശ്ര മീറ്ററിന് 100 റിയാലിന് പകരം 10 റിയാലായാണ് കുറച്ചത്.
മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അത്തിയ, പുറപ്പെടുവിച്ച 2024-ലെ മന്ത്രിതല പ്രമേയം നമ്പര്‍ 123 എല്ലാ സംരംഭകരേയും പിന്തുണക്കുന്നതാണ്.
ദേശീയ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയെ പിന്തുണയ്ക്കുക, സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതില്‍ സ്വകാര്യമേഖലയുടെ പങ്ക് വര്‍ദ്ധിപ്പിക്കുക, രാജ്യം സാക്ഷ്യപ്പെടുത്തുന്ന വികസന പ്രക്രിയയെ പിന്തുണയ്ക്കുന്നതിന് സംഭാവന ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ തീരുമാനം.
വാണിജ്യ, വ്യാവസായിക, ലോജിസ്റ്റിക് പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ തൊഴിലാളികളുടെ ഭവന ആവശ്യങ്ങള്‍ക്കായി മുനിസിപ്പല്‍ ഭൂമിയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന തീരുമാനമാണിത്.
വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള ഭൂമിയുടെ വാടക മൂല്യം പ്രതിവര്‍ഷം ചതുരശ്ര മീറ്ററിന് 100 റിയാലില്‍ നിന്ന് 10 റിയാലായി കുറച്ചു. കൂടാതെ ലോജിസ്റ്റിക് പദ്ധതികള്‍ക്കായുള്ള ഭൂമിയുടെ വാടക മൂല്യം ഒരു ചതുരശ്ര മീറ്ററിന് വര്‍ഷം തോറും, 20 റിയാലില്‍ നിന്ന് 5 റിയാലായി കുറയ്ക്കുന്നു. വ്യാവസായിക ലൈസന്‍സുള്ള ഭൂമിക്ക്,നിലവിലുള്ള 10 റിയാല്‍ 5 റിയാലാക്കി കുറച്ചു.