സൗഹാര്‍ദ്ദം കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ ആഹ്വാനം ചെയ്ത് പ്രവാസി വെല്‍ഫെയര്‍ ടേബിള്‍ ടോക്ക്
ദോഹ: മലപ്പുറം ജില്ലയെ ഉന്നം വെച്ചുള്ള തെറ്റായ പ്രചാരണങ്ങളുടെയും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ജില്ലയെ ചിത്രീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിലും സൗഹാര്‍ദ്ദം കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ ”സമകാലിക കേരളം- മലപ്പുറത്തിന് പറയാനുള്ളത് ‘ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ടേബിള്‍ ടോക്ക് ആഹ്വാനം ചെയ്തു .
മുഖ്യമന്ത്രി ഉള്‍പ്പടെ ഉത്തരവാദിത്വപ്പെട്ടവരില്‍ നിന്നുണ്ടാവുന്ന വംശീയ പ്രസ്താവനകളും കോഴിക്കോട് വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസുകള്‍ അടക്കം ഒരു ജില്ലയോട് ചേര്‍ത്ത് വെക്കുന്നതും സംഘ് പരിവാര്‍ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഹീന ശ്രമങ്ങള്‍ ആണ്. ജില്ലയിലെ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമങ്ങളും ഇപ്പോള്‍ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. ഇത്തരം ശ്രമങ്ങളെ തിരിച്ചറിയുകയും പോലീസിലെ അടക്കം സംഘ് പരിവാര്‍ സ്വാധീനങ്ങള്‍ പുറത്ത് കൊണ്ടു വരും വിധം കൃത്യമായ അന്വേഷണം നടക്കുകയും വേണം. ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ള ജില്ലയിലെ പ്രവാസി സമൂഹത്തില്‍ നിന്നും കൂടുതല്‍ പ്രതികരണങ്ങള്‍ ഉയര്‍ന്നു വരണമെന്നും
ജില്ലയുടെ നന്മകള്‍ പ്രചരിപ്പിച്ചും വിവിധ മണ്ഡലങ്ങളില്‍ നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാതൃക തീര്‍ത്തും ഇനിയും ജാതി-മത ഭേദമില്ലാതെ ജില്ലയിലെ നിവാസികള്‍ മുന്നോട്ട് പോവണമെന്ന് ടേബിള്‍ ടോക്കില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു.
പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് റഷീദലി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല പ്രസിഡന്റ് അമീന്‍ അന്നാര അധ്യക്ഷത വഹിച്ചു.
കെ എം സി സി മലപ്പുറം ജില്ല പ്രസിഡന്റ് സവാദ് വെളിയംങ്കോട്, ഐസിബിഎഫ് മാനേജിംഗ് കമ്മിറ്റി അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഇന്‍കാസ് ജില്ല സെക്രട്ടറി
ആഷിഖ് തിരൂര്‍ , ഡോം ഖത്തര്‍ പ്രസിഡന്റ് ഉസ്മാന്‍ കല്ലന്‍ , മെജസ്റ്റിക് മലപ്പുറം ജനറല്‍ സെക്രട്ടറി വിനോദ് പുത്തന്‍വീട്ടില്‍, മഷൂദ് തിരുത്തിയാട് ,
ചാലിയാര്‍ ദോഹ പ്രസിഡന്റ് സിദ്ദിഖ് എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.
പ്രവാസി വെല്‍ഫെയര്‍ ജില്ല ജനറല്‍ സെക്രട്ടറി ഫഹദ് മലപ്പുറം സ്വാഗതവും സംസ്ഥാന
വൈസ് പ്രസിഡന്റ് അനീസ് മാള സമാപനവും നിര്‍വഹിച്ചു.
റഫീഖ് മേച്ചേരി, അഷ്ഹര്‍ അലി, കബീര്‍ പൊന്നാനി, ശാക്കിര്‍ മഞ്ചേരി, സൈഫുദ്ധീന്‍, റഹ്‌മത്തുള്ള എന്നിവര്‍ നേതൃത്വം നല്‍കി.