മുഹമ്മദ് ഷിബിലിയുടെ മയ്യിത്ത് ഏലംകുളം പള്ളി ഖബറിസ്ഥാനില്‍ മറവ് ചെയ്തു
ദോഹ: ഇന്നലെ രാവിലെ ഹൃദയാഘാതം മൂലം അന്തരിച്ച ടീ ടൈം ഗ്രൂപ്പ് മാനേജര്‍ മുഹമ്മദ് ഷിബിലിയുടെ മയ്യിത്ത് ഇന്ന് രാവിലെ ഏലംകുളം പള്ളി ഖബറിസ്ഥാനില്‍ മറവ് ചെയ്തു. നാട്ടുകാരേയും കൂട്ടുകാരേയും ഒരു പോലെ ദുഃഖത്തിലാഴ്ത്തിയാണ് ഷിബിലി എന്ന ചെറുപ്പക്കാരന്‍ ഇന്നലെ കര്‍മനിരതമായ ജീവിതത്തില്‍ നിന്നും വിടവാങ്ങിയത്. വിശാലമായ സൗഹൃദങ്ങളുടെ ഉടമയായിരുന്നതിനാല്‍ ജീവിതത്തന്റെ നാനാതുറകളില്‍ നിന്നായി നിരവധി പേരാണ് പ്രിയകൂട്ടുകാരനെ ഒരു നോക്ക് കാണാനും അന്ത്യയാത്രക്കൊരുക്കാനും ഒഴുകിയെത്തിയത്.
കെ.എം.സിസി അല്‍ ഇഹ് സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റിയുടെ സജീവമായ ഇടപെടലിലൂടെയാണ് നിയമനടപടികള്‍ എത്രയും വേഗം പൂര്‍ത്തീകരിച്ച് മയ്യിത്ത് നാട്ടിലെത്തിച്ചത്.
ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെത്തിയ ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലാണ് ഷിബിലിയുടെ മയ്യിത്ത് എത്തിയത്. ഷിബിലിയുടെ ബന്ധുവും ടീം ടൈം ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌റുമായ അബ്ദുല്‍ കരീം, ടീം ടൈമിലെ സഹപ്രവര്‍ത്തകരും ബന്ധുക്കളുമടക്കം നിരവധി പേരെ മയ്യിത്തിനെ അനുഗമിച്ചത്.
രാവിലെ 4 മണിയോടെ വീട്ടിലെത്തിച്ച മയ്യിത്ത് 9 മണിക്കാണ് പള്ളിയിലേക്ക് കൊണ്ടുപോയത്. മയ്യിത്ത് നമസ്‌കാരം കഴിഞ്ഞ് ഒമ്പതരയോടെ ഷിബിലിയുടെ മയ്യിത്ത് ഏലംകുളം പള്ളി ഖബര്‍സ്ഥാനില്‍ ചേര്‍ന്നപ്പോള്‍ സ്വന്തക്കാരും ബന്ധുക്കളും മാത്രമല്ല നിരവധി സുഹൃത്തുക്കളും സങ്കടമടക്കാന്‍ പ്രയാസപ്പെട്ടുവെന്നത് ഷിബിലി എന്ന ചെറുപ്പക്കാരന്റെ ജനകീയതയും സ്വാധീനവും വ്യക്തമാക്കുന്നതായിരുന്നു.