Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഐമാക് ഖത്തര്‍ ലോഗോ പ്രകാശനം കലാപരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി

ദോഹ. ഗായകര്‍, കലാ സ്‌നേഹികള്‍, ആരോഗ്യ,വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ , ഗാന രചയിതാക്കള്‍,സംഗീതം-ആല്‍ബം,മാപ്പിളപ്പാട്ട് നിരൂപകര്‍ തുടങ്ങി വിവിധ കലാ മേഖലയില്‍ നിന്നുള്ള പ്രവാസികളുടെ സാന്നിധ്യത്തില്‍ നുഐജ ഇന്‍സ്‌പെയര്‍ ഹാളില്‍ ഐമാക് ഖത്തറിന്റെ ലോഗോ പ്രകാശനം ഐബിപിസി വൈസ് പ്രസിഡണ്ടും ഐമാക് ഖത്തര്‍ ഉപദേശക സമിതി ചെയര്‍മാനുമായ അബ്ദുല്‍ സത്താര്‍, ബോര്‍ഡ് മെമ്പര്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഡോം ഖത്തര്‍ പ്രസിഡണ്ട് ഉസ്മാന്‍ കല്ലന്‍, ഐമാക് ഖത്തര്‍ ചെയര്‍മാന്‍ സിദ്ദിഖ് ചെറുവല്ലൂര്‍ എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു.

ചടങ്ങില്‍ ഇന്ക്കാസ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി കെ.ഷാഹുല്‍ ഹമീദ്, മലയാളി സമാജം വൈസ് പ്രസിഡണ്ട് ബദറുദ്ദീന്‍, പ്രശസ്ത ഗായകന്‍ മുഹമ്മദ് ത്വയ്യിബ്, ഇന്‍കാസ് യൂത്ത് പ്രസിഡണ്ട് ദീപക് , പൊതു പ്രവര്‍ത്തകന്‍ സലീം എടശ്ശേരി, അഹ്‌മദ് മഗ്രാബി പെര്‍ഫ്യൂം സെയില്‍സ് മാനേജര്‍ സൈഫ് ഹാഷ്മി, ഷോ ഡയറക്ടര്‍ സമീര്‍ തൃശ്ശൂര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

ഐമാക് ഖത്തറിന്റെ ആശയം വളരെ മനോഹരമായ ലോഗോയാക്കിയ നന്ദന ബിജുകുമാറിനെ വേദിയില്‍ ആദരിച്ചു.

മൂന്നാം ക്ലാസ്സ് മുതല്‍ സ്‌കൂളിലും ഖത്തറിലെ വിവിധ സ്റ്റേജുകളിലും ഗാനരംഗത്ത് സജീവമായ നന്ദിത ജയദേവന്‍ തുടര്‍ പഠനത്തിന് നാട്ടിലേക്ക് പോകുന്നതിന്റെ യാത്രയപ്പും വേദിയില്‍ നടന്നു.

തുടര്‍ന്ന് സമീര്‍ തൃശ്ശൂരിന്റെ നേതൃത്വത്തില്‍ അജ്മല്‍, മേഘ ജിഷ്ണു, സവാദ്, ഹിബ ഷംന, ഹന ത്വയ്യിബ്, റസ്ലെഫ് തുടങ്ങി ഗായകര്‍ക്കൊപ്പം ഐമാക്ക് ഖത്തറിന്റെ ഗായകരായ ഹനീസ് ഗുരുവായൂര്‍, റഫീഖ് കുട്ടമംഗലം,നിയാസ് കാളികാവ്,വിസ്മയ ബിജുകുമാര്‍,നന്ദിത ജയദേവന്‍,റിയാസ് വാഴക്കാട്, റഫീഖ് വാടാനപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്ത ഗാനമേളയും, അമൃത മിഥുന്‍, അശ്വതി കൃഷ്ണകുമാര്‍, വിദ്യാര്‍ഥികളായ ദക്ഷിണ കിരണ്‍, ഫാത്തിമ സിഹ്നി എന്നിവരുടെ ഡാന്‍സും പരിപാടികള്‍ക്ക് മികവേകി.

അഞ്ച് മണിക്കൂറിലേറെ നീണ്ടുനിന്ന പരിപാടിയുടെ അവതാരക മഞ്ചു അറക്കല്‍ ആയിരുന്നു.

കലാ രംഗത്ത് താല്പര്യമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും, പുതിയ കലാകാരന്മാര്‍ക്കും, എഴുത്തുകാര്‍ക്കും, നിരൂപകര്‍ക്കും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം നല്‍കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, അവധിയോ, വിശ്രമമോ ഇല്ലാതെ ജോലിയിലേര്‍പ്പെടുന്ന വീട്ടു ജോലിക്കാര്‍ക്കും, ഗ്രോസറി, റെസ്റ്റോറന്റ്, നിര്‍മ്മാണ മേഖലയില്‍ നിന്നുള്ള തൊഴിലാളികള്‍ക്കും മുന്‍ഗണന നല്‍കി പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തുക, നോര്‍ക്ക,ക്ഷേമനിധി ഇന്‍ഷുറന്‍സ് തുടങ്ങി ഗവണ്‍മെന്റ് സ്‌കീമുകള്‍ തൊഴിലിടങ്ങളില്‍ പരിചപ്പെടുത്തുകയും ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ രജിസ്‌ട്രേഷന്‍ ചെയ്തുകൊടുക്കുകയും ചെയ്യുക തുടങ്ങിയവയാണ് ഐമാക്ക് ഖത്തര്‍ രൂപീകരണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ചെയര്‍മാന്‍ സിദ്ദിഖ് ചെറുവല്ലൂര്‍ പറഞ്ഞു.

ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സുരേഷ് ഹരിപ്പാട്, സുറുമ ലത്തീഫ്, ബിജുകുമാര്‍,ബഷീര്‍ അമ്പലത്ത്, നസീഫ് കീഴാറ്റൂര്‍, റഫീഖ് കുട്ടമംഗലം, ഹനീസ് ഗുരുവായൂര്‍, ഗിരീഷ് ചെങ്ങന്നൂര്‍, സവിത കുമാരി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button