ഫാമിലി കോണ്‍ഫറന്‍സും ടീന്‍സ്‌പേസും ഒക്ടോബര്‍ 24, 25 തീയതികളില്‍

ദോഹ: ഖത്തര്‍ മതകാര്യ വകുപ്പിന് കീഴില്‍ ശൈഖ് അബ്ദുല്ലാഹ് ബിന്‍ സൈദ് ആലു മഹ്‌മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററും സംയുക്തമായി മലയാളി കുടുംബങ്ങള്‍ക്കായി ഫാമിലി കോണ്ഫറന്‌സും, കൗമാരക്കാരായ വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ച ടീന്‍സ്‌പേസും സംഘടിപ്പിക്കുന്നു.
‘വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം’ എന്ന വിഷയത്തില്‍ ഒക്ടോബര്‍ 24 വെള്ളി വൈകിട്ട് 6:30 മുതല്‍ ദോഹ ബിന്‍ സൈദ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഫാമിലി കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിട്ടുള്ളത്. കെട്ടുറപ്പുള്ള ഒരു സമൂഹത്തെ നിലനിര്‍ത്തുന്നതില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കുടുംബം എന്ന സങ്കല്‍പ്പത്തെ നിരാകരിക്കുകയും അധാര്‍മികതയുടെ വിളനിലമായി മാനവിക സമൂഹത്തെ മാറ്റുകയും ചെയ്യാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ വിശ്വാസ വിശുദ്ധി നേടുന്നതിലൂടെ സംതൃപ്തമായ ഒരു കുടുംബാന്തരീക്ഷം നേടിയെടുക്കാന്‍ സമൂഹത്തെ പ്രാപ്തരാക്കുക എന്നതാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.
ഒക്ടോബര്‍ 25 ശനിയാഴ്ച വൈകിട്ട് 6:30നു ഏഷ്യന്‍ ടൌണ്‍ ക്രിക്കറ്റ് സ്റ്റേഡിയം വി.ഐ.പി റീക്രീഷന്‍ ഹാളില്‍ കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി നടത്തപ്പെടുന്ന ടീന്‍സ്‌പേസ് പരിപാടി നടക്കും. നൈതികമായ ജീവിത മൂല്യങ്ങളും, ധാര്‍മിക പാഠങ്ങളും പുതിയ തലമുറക്ക് പകര്‍ന്നു നല്‍കുകയും ലഹരി പോലുള്ള മാരകമായ സാമൂഹിക തിന്മകളെക്കുറിച്ചു അവര്‍ക്ക് വ്യക്തമായ അവബോധം നല്‍കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ മുഖ്യമായ ലക്ഷ്യം. കൂടാതെ കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വിവിധങ്ങളായ മാനസിക വെല്ലുവിളികള്‍ക്കുള്ള പ്രതിവിധിയും സമ്മേളനം ചര്‍ച്ച ചെയ്യും.
ഫാറൂഖ് ട്രെയിനിങ് കോളേജ് പ്രൊഫെസ്സറും കേരളത്തിലെ അറിയപ്പെടുന്ന പ്രഭാഷകനുമായ ഡോ. ജൗഹര്‍ മുനവ്വറാണ് രണ്ടു പരിപാടികളിലും വിഷയാവതരണം നടത്തുന്നത്. ടീന്‍സ്‌പേസില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹവുമായി സംവദിക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. പരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിശദ വിവരങ്ങള്‍ക്കായി 6000 4485 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.