‘പതമ്പ്’ പ്രകാശനം ചെയ്തു

ദോഹ. സംസ്കൃതി ഖത്തര്‍ കേന്ദ്ര കമ്മിറ്റി അംഗവും, സാഹിത്യവിഭാഗം സബ്കമ്മിറ്റി കണ്‍വീനറുമായ ചെറുകഥാകൃത്ത് ശ്രീനാഥ് ശങ്കരന്‍കുട്ടിയുടെ ആദ്യനോവല്‍ ‘പതമ്പ്’, ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോകഹാളില്‍ സംസ്കൃതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍വെച്ച് ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന് പ്രകാശനം ചെയ്തു. സംസ്കൃതി വൈസ് പ്രസിഡന്റ് നിഥിന് എസ് ജി അധ്യക്ഷം വഹിച്ച ചടങ്ങില്‍ കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍ പുസ്തകം ഏറ്റുവാങ്ങി.
കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രവും നവോത്ഥാന കാലഘട്ടത്തിലെ ജീവിതം പഠനവിഷയമാക്കുന്ന നോവലായ പതമ്പില്‍ ആ ചരിത്രത്തില്‍ രേഖപ്പെടുത്താത്തയിടങ്ങളില് ഫിക്ഷന്റെ സാധ്യതകള്‍ ഉപയോഗിച്ച് ചരിത്രസംഭവങ്ങളെയും ഭാവനയെയും മനോഹരമായി കോര്‍ത്തെടുക്കുന്നതില്‍ ശ്രീനാഥ് വിജയിച്ചിട്ടുണ്ടെന്ന് പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവേ എ പി മണികണ്ഠന് അഭിപ്രായപ്പെട്ടു.
അന്‍വര്‍ ഹുസൈന് ( റേഡിയോ മലയാളം ), എ കെ ജലീല്‍, ചിത്ര ശിവന്, തോമസ് വര്‍ഗ്ഗീസ്, ഇ എം സുധീര്‍, ഷൈജു ധമനി എന്നിവര്‍ വായനാനുഭവം പങ്കുവയ്ക്കുകയും ചന്ദ്രന്‍മോഹന്‍ പിള്ള, കെ ആര് ജയരാജ് എന്നിവര്‍ ആശംസകള്‍ നേരുകയും ചെയ്തു. നോവലിസ്റ്റ് ശ്രീനാഥ് ശങ്കരന്‍കുട്ടി മറുപടി പ്രസംഗം നടത്തി. സംസ്കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം സ്വാഗതവും ജോയിന്റ് സെക്രട്ടറി അബ്ദുള്‍ അസീസ് നന്ദിയും പറഞ്ഞു.

