മലബാര്‍ അടുക്കളയുടെ ‘ഒരു നേരത്തെ ആഹാരം’ പദ്ധതി ജനുവരി 30, 31ന്

ദോഹ. മലബാര്‍ അടുക്കളയുടെ നേതൃത്വത്തില്‍ പാവപ്പെട്ടവര്‍ക്കായി സംഘടിപ്പിക്കുന്ന ‘ഒരു നേരത്തെ ആഹാരം’ എന്ന മനുഷ്യസ്‌നേഹപരമായ പദ്ധതി ജനുവരി 30, 31 (വെള്ളി, ശനി) ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളിലായി നടപ്പാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വിശപ്പില്ലാത്ത ലോകത്തിലേക്കുള്ള പ്രത്യാശയുടെ ചുവടുവെപ്പായാണ് ഈ സംരംഭം.
ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന മലബാര്‍ അടുക്കളയുടെ അംഗങ്ങള്‍ ഒരേ മനസ്സോടെ ഒന്നിച്ചുനില്‍ക്കുന്ന പദ്ധതിയിലൂടെ ആയിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം എത്തിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പട്ടിണിക്കെതിരായ മനുഷ്യസ്‌നേഹത്തിന്റെയും കരുണയുടെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
പെയിന്‍ & പാലിയേറ്റീവ് കേന്ദ്രങ്ങള്‍, മാനസികാരോഗ്യ സ്ഥാപനങ്ങള്‍, വൃദ്ധസദനങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, തെരുവോരങ്ങള്‍, ചില്‍ഡ്രന്‍സ് ഹോമുകള്‍ തുടങ്ങിയ ആവശ്യകതയുള്ള മേഖലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. മുന്‍കാലങ്ങളിലും സമാനമായ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ടെന്നും, അതിന്റെ തുടര്‍ച്ചയായാണ് ഈ പരിപാടിയെന്നും ചെയര്‍മാന്‍ മുഹമ്മദലി ചക്കൊത്ത് അറിയിച്ചു.
”ഭൂമിയിലെ ആരും വിശപ്പോടെ ഉറങ്ങരുത്” എന്ന ലക്ഷ്യത്തോടെ കേരളത്തിലെ എല്ലാ ജില്ലകളിലും ഗള്‍ഫ് രാജ്യങ്ങളിലും നടപ്പാക്കുന്ന ഈ പദ്ധതിയുടെ വിജയത്തിനായി മലബാര്‍ അടുക്കളയുടെ എല്ലാ അംഗങ്ങളും സജീവമായി സഹകരിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു

