കോവിഡ് കാലത്ത് 35000 ല്‍ അധികം കോണ്‍സുലാര്‍ സേവനങ്ങളുമായി ഇന്ത്യന്‍ എംബസി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് കാലത്തും ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് സേവനം ചെയ്യുന്നതില്‍ ഇന്ത്യന്‍ എംബസി ജാഗ്രതയോടെ പ്രവര്‍ത്തിച്ചതായും 35000 ല്‍ അധികം കോണ്‍സുലാര്‍ സേവനങ്ങള്‍ ചെയ്തതായും ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ അഭിപ്രായപ്പെട്ടു.
ഇരുപതിനായിരത്തിലേറെ പുതിയ പാസ്പോര്‍ട്ടുകള്‍, പതിനായിരത്തോളം പല വക സര്‍വീസുകള്‍, മൂവായിരത്തിലധികം പോലീസ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, 300 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് മുതലായവ ഇതില്‍ ഉള്‍പ്പെടും.
കോവിഡായത് കാരണം കൂടുതല്‍ സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പുകള്‍ നടത്താനായില്ല. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഏഷ്യന്‍ടൗണില്‍ മാത്രമാണ് ക്യാമ്പ് നടത്തിയത്. കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ റാസ് ലഫ്ഫാന്‍, അല്‍ ഖോര്‍, ദുഖാന്‍ മുതലായ സ്ഥലങ്ങളില്‍ സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പുകള്‍ നടത്തും. സേവനം ജനങ്ങളുടെ വാതില്‍പടിക്കല്‍ നല്‍കുക എന്ന എംബസിയുടെ നയപരിപാടിയുടെ ഭാഗമാണിതെന്ന് അംബാസിഡര്‍ പറഞ്ഞു.