
മാനുഷിക മൂല്യങ്ങള്‍ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളെ കരുതിയിരിക്കുക: ക്യു. കെ. ഐ. സി
അമാനുല്ല വടക്കാങ്ങര
ദോഹ: മനുഷ്യത്വം എന്ന ആശയം തന്നെ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയും, സദാചാര വിശുദ്ധിയുടെ എല്ലാവിധ അതിര്‍വരമ്പുകളും ലംഘിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ആണും ആണും തമ്മിലും പെണ്ണും പെണ്ണും തമ്മിലും ലൈംഗിക ബന്ധം ആവാമെന്നും, മാനുഷിക ഗുണങ്ങളായ ലജ്ജയും സംസ്കാരവും ആവശ്യമില്ലാത്തതാണെന്നും വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഭരണവ്യവസ്ഥയുടെ പിന്തുണയോടെ നടന്നുകൊണ്ടിരിക്കുകയുമാണെന്ന് ക്യു. കെ. ഐ.സി പ്രവര്‍ത്തക സംഗമം അഭിപ്രായപ്പെട്ടു.
വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ പോലും മാറ്റം വരുത്തി സാമൂഹിക ക്രമത്തെ തന്നെ മാറ്റിമറിക്കാന്‍ ശ്രമം നടക്കുന്ന സാഹചര്യത്തില്‍ ആത്മീയ ദാരിദ്ര്യം അനുഭവിക്കുന്ന മനുഷ്യര്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ആത്മീയ ചൂഷണ കേന്ദ്രങ്ങളുടെ വലയില്‍ അവര്‍ അകപ്പെടുന്നുവെന്നും സംഗമം ചൂണ്ടിക്കാട്ടി.
അധികാരം കൈയാളുന്ന ഫാസിസം സര്‍വ്വ മേഖലകളിലേക്കും പടര്‍ന്നുകയറുന്നു. മുസ്ലിം പൈതൃകങ്ങളെ തുടച്ചുനീക്കാന്‍ ശ്രമിക്കുകയും പൗരത്വവിഷയത്തില്‍ മുസ്ലിംകളോട് അനീതി കാണിക്കുകയും ചെയ്യുന്നു. ഏക സിവില്‍കോഡ് നടപ്പിലാക്കാനായി നിയമ നിര്‍മാണ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍ ഫാസിസത്തിന്റെ ഭീഷണികളെ ചൂണ്ടിക്കാണിച്ചുകൊണ്ട്, അതിനെ പ്രതിരോധിക്കാന്‍ ഞങ്ങളേയുള്ളൂ, നിങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കേ കഴിയൂ എന്നു വരുത്തിത്തീര്‍ത്ത് പുതുതലമുറയെ ലിബറലിസത്തിലേക്കും മതനിരാസത്തിലേക്കും കൊണ്ടുപോകാനുള്ള ചിലരുടെ ശ്രമങ്ങള്‍ മറുവശത്ത് നടക്കുന്നതായും സംഗമം അഭിപ്രായപ്പെട്ടു.
‘നിങ്ങളെയും നിങ്ങള്‍ക്ക് മുമ്പുള്ളവരെയും സൃഷ്ടിച്ച സ്രഷ്ടാവിനെ മാത്രം’ ആരാധിക്കണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഏകദൈവാദര്ശത്തിലേക്കും അന്തിമദൂതന്റെ ചര്യയിലേക്കുമുള്ള ക്ഷണമാണ് ഇതിന് പരിഹാരമെന്ന് നാം മനസ്സിലാക്കണം. അതോടൊപ്പം മതം പ്രാകൃതമാണെന്നും അതിന്റെ നിയമങ്ങള്‍ ആധുനികതക്ക് ചേര്‍ന്നതല്ല എന്നുമുള്ള ചിന്ത പുതുതലമുറയില്‍ ബോധപൂര്‍വം വരുത്താനുള്ള ശ്രമങ്ങളെ കരുതിയിരിക്കുകയും വേണം.
മതം ആരും കാണാതെ ഒളിച്ചുവയ്ക്കേണ്ട ഒന്നല്ല, അത് അഭിമാനത്തോടെ പ്രഖ്യാപിക്കണം എന്നാണ് സ്രഷ്ടാവിന്റെ കല്പന. ഇസ്ലാമിന്റെ ഓരോ ആശയവും സുവ്യക്തമാണ്. അതിന്റെ അടിത്തറ ഏകദൈവാരാധനയാണ്. അത് വര്‍ഗീയതയും വിഭാഗീയതയും ഒട്ടും തൊട്ടു തീണ്ടാത്തതാണെന്ന് സംഗമം കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 12 ന് കോഴിക്കോട് കടപ്പുറത്ത് വെച്ച് ‘മാനവരക്ഷക്ക് ദൈവിക ദര്‍ശനം’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന വിസ്ഡം ഇസ്ലാമിക് കോണ്‍ഫറന്‍സി നോടനുബന്ധിച്ച് സംഘടിപ്പിച്ച സംഗമത്തില്‍ ഉമര്‍ ഫൈസി, അര്‍ഷദ് അല്‍ഹികമി, സ്വലാഹുദ്ധീന്‍ സ്വലാഹി, മുജീബ് റഹ്മാന് മിശ്കാത്തി, കെ.ടി. ഫൈസല്‍ സലഫി, ഷബീറലി അത്തോളി, ശംസീര്‍ സി.പി, മുഹമ്മദലി മൂടാടി എന്നിവര്‍ സംബന്ധിച്ചു.