ഖത്തറില്‍ മിനിമം വേതന നിയമം മാര്‍ച്ച് 20 മുതല്‍ പ്രാബല്യത്തില്‍ വരും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ പ്രഖ്യാപിച്ച 2020 ലെ പതിനേഴാം നമ്പര്‍ തൊഴില്‍ നിയമ ഭേദഗതി പ്രകാരമുള്ള മിനിമം വേതന നിയമം മാര്‍ച്ച് 20 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. തൊഴില്‍ മന്ത്രാലയം ഓരോ സ്ഥാപന ഉടമകള്‍ക്കും ഇത് സംബന്ധിച്ച സന്ദേശമയച്ചിട്ടുണ്ട്.
മിനിമം വേതനമനുസരിച്ച് ഖത്തറില്‍ ഒരു തൊഴിലാളിയുടെ മിനിമം വേതനം മാസത്തില്‍ ആയിരം റിയാല്‍ ( അടിസ്ഥാന ശമ്പളം ), 500 റിയാല്‍ താമസം, 300 റിയാല്‍ (ഭക്ഷണം) എന്നിങ്ങനെയായിരിക്കും. താസവും ഭക്ഷണവും കമ്പനിയോ സ്പോണ്‍സറോ നല്‍കുന്നുണ്ടെങ്കില്‍ അതിന് പണം നല്‍കേണ്ടതില്ല.
ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി നല്‍കുന്നുവെന്നുറപ്പുവരുത്തുവാന്‍ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റമനുസരിച്ച് ബാങ്ക് ട്രാന്‍സ്ഫറായാണ് ഓരോ മാസവും ശമ്പളം നല്‍കേണ്ടത്. വീഴ്ച്ചവരുത്തുന്നവരെ തൊഴില്‍ മന്ത്രാലയം പിടികൂടും. ആദ്യ തവണ മുന്നറിയിപ്പ് കൊടുക്കും. തുടര്‍ച്ചയായി വീഴ്ചവരുത്തുന്നവരെ കരിമ്പട്ടികിലുള്‍പ്പെടുത്തും. അത്തരക്കാര്‍ക്ക് വിസ സംബന്ധമായ എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കും.
ഖത്തറിലെ സ്വകാര്യ മേഖലയിലേയും ഗാര്‍ഹിക മേഖലയിലേയും മുഴുവന്‍ തൊഴിലാളികളേയും ഉള്‍കൊള്ളുന്ന നിയമം 2020 ആഗസ്തിലാണ് ഗവണ്‍മെന്റ് പാസാക്കിയത്. അന്താരാഷ്ട്ര തൊഴില്‍ സംഘടനയടക്കമുള്ള വേദികളുടെ പ്രശംസ പിടിച്ചുപറ്റിയ നിയമം 2020 സപ്തമ്പറിലാണ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്.
ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 6 മാസത്തിന് ശേഷമാണ് നിയമം പ്രാബല്യത്തില്‍ വരിക. അതടിസ്ഥാനത്തിലാണ് മാര്‍ച്ച് 20 ന് നിയമം നടപ്പാക്കുന്നത്.