സബാഹ് അല്‍ അഹ്മദ് കോറിഡോര്‍ ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ സ്വപ്ന പദ്ധതിയായ സബാഹ് അല്‍ അഹ്മദ് കോറിഡോര്‍ ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. ഗള്‍ഫ് ഐക്യത്തിനായി അഹോരാത്രം പരിശ്രമിച്ച യശശരീരനായ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമദിന്റെ ഓര്‍മകള്‍ അനശ്വരമാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ ആഭിമുഖ്യത്തിലാണ് നടക്കുക.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദോഹ എക്സ്പ്രസ് ഹൈവേയിലെ ഉം ലെഖ്ബ ഇന്റര്‍ചേഞ്ചിലേക്ക് 25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ കോറിഡോര്‍ പൊതുമരാമത്ത് അതോറിറ്റിയുടെ അഭിമാന പദ്ധതിയാണ്.
്
പദ്ധതിയുടെ ആദ്യ ഭാഗമായി ഉമ്മു ലെഖ്ബ ഇന്റര്‍ചേഞ്ച് മുതല്‍ അബു ഹാമൂര്‍ ബ്രിഡ്ജ് വരെയുള്ള 13 കിലോമീറ്റര്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഗതാഗത്തിനായയി തുറന്നിരുന്നു.
സബ അല്‍ അഹ്മദ് ഇടനാഴിയില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പാലവും ആഴമേറിയതും ദൈര്‍ഘ്യമേറിയതുമായ (1200 മീറ്റര്‍ നീളത്തില്‍)ദ്വിദിശ തുരങ്കവുമുണ്ട്.
ഖത്തറിലെ ആദ്യത്തെ കേബിള്‍-സ്റ്റേയ്ഡ് പാലം ഈ ഇടനാഴിയിലാണ്. മിസൈമീര്‍ റോഡില്‍ നിന്നും അല്‍ ബുസ്താന്‍ സ്ട്രീറ്റിലേക്കും മിസൈമീര്‍ റോഡിലെ ഹലുല്‍ ഇന്റര്സെക്ഷന്, സല്‍വ റോഡിലെ ഫാലിഹ് ബിന്‍ നാസര്‍ ഇന്റര്സെക്ഷന് എന്നിവയിലൂടെ കടന്നു ദോഹ എക്സ്പ്രസ് വേയിലൂടെയും ഫെബ്രുവരി 22 സ്ട്രീറ്റിലൂടെയും കടന്നുപോകാതെ സബ അല്‍ അഹ്മദ് ഇടനാഴി ദോഹയുടെ തെക്കും വടക്കും തമ്മില്‍ ബന്ധിപ്പിക്കുന്നു
പദ്ധതിയുടെ ആകെ റോഡ് ജോലികള്‍ ഏകദേശം 37 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. ദോഹ എക്സ്പ്രസ് വേയിലെയും ഫെബ്രുവരി 22 സ്ട്രീറ്റിലെയും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതോടൊപ്പം യാത്രാസമയം ലാഭിക്കാനും ഈ ഇടനാഴി സഹായകമാണ്.