കംഫര്‍ട്ട് കെ പദ്ധതിയുമായി മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഖത്തര്‍
ഡോ. അമാനുല്ല ലടക്കാങ്ങര
ദോഹ. ഖത്തറില്‍ ജോലി ചെയ്യുന്ന മുഴുവന്‍ മൂടാടി പഞ്ചായത്ത് പ്രവാസികളെയും ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള സന്നദ്ധസേവന ജീവകാരുണ്യ കൂട്ടായ്മയായ ഐ.സി.ബി.എഫ്, ഭീമ ഇസ്ലാമിക് ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ച് ഒരുക്കിയ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കനുള്ള ബൃഹത്തായ കാമ്പയിന് തുടക്കം കുറിച്ച് മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഖത്തര്‍. കംഫര്‍ട്ട് കെ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ പഞ്ചായത്തില്‍ നിന്നുള്ള ആയിരം പേരെയെങ്കിലും അംഗങ്ങളാക്കാനാണ് ലക്ഷ്യമിടുന്നത്.
മൂടാടി പഞ്ചായത്തില്‍ നിന്നുള്ള ആയിരത്തിലധികം പേര്‍ ഖത്തറില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ നിന്നും ആയിരം പേരെയെങ്കിലും ഈ സെക്യൂരിറ്റി സ്‌ക്കിമില്‍ അംഗങ്ങളാക്കുക എന്ന ശ്രമകരമായ പ്രവര്‍ത്തനതിനാണ് കഴിഞ്ഞ ദിവസം ഐ.സി.ബി.എഫ്. ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ തിരികൊളുത്തിയത്. ഇന്‍ഷുറന്‍സ് പോളിസി എടുക്കുക എന്നാല്‍ നമ്മള്‍ അടക്കുന്ന ചെറിയ പ്രീമിയം തുകകള്‍ ചേര്‍ന്ന് മറ്റൊരു കുടുംബത്തിന് വലിയ സഹായകരമാകും എന്ന നന്മ കൂടിയാണ്.
മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഖത്തറിന്റെ കംഫര്‍ട്ട് കെ. പദ്ധതിയെ അനുമോദിക്കുന്നതോടൊപ്പം എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഐ.സി.ബി. എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ അപേക്ഷകള്‍ സ്വീകരിച്ചു കൊണ്ട് പറഞ്ഞു.
പ്രാദേശിക സംഘടനാ സംവിധാനം തന്നെയാണ് കൂടുതല്‍ ആളുകളെ ഐ.സി.ബി.എഫ് സ്‌കീമില്‍ ഉള്‍പ്പെടുത്താന്‍ സഹായകരമായി വര്‍ത്തിക്കുന്നത് എന്ന് ചടങ്ങില്‍ പങ്കെടുത്ത ജനറല്‍ സെക്രട്ടറി സാബിത്ത് സഹീര്‍ അഭിപ്രായപ്പെട്ടു.
മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഖത്തറിന്റെ ഈ കാമ്പയിന്റെ ഭാഗമാകുവാന്‍ മുഴുവന്‍ മൂടാടി പഞ്ചായത്ത് പ്രവാസികളും തയ്യാറാകണമെന്നും അവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും സംഘടന നല്‍കുമെന്നും പ്രസിഡന്റ് രാമന്‍ നായര്‍ പറഞ്ഞു.
സിഹാസ് ബാബു, അഹമ്മദ് മൂടാടി, ബഷീര്‍ വി,പി, ഷാനഹാസ് എടോടി, മജീദ് കെ, സുനി എം.കെ, നാസര്‍ ഇ.കെ, സിറാജ് പാലൂര്‍, റിയാസ് ആര്‍.എന്‍, ശരീഫ് കെ.കെ, ഷിഹാസ് യു.കെ. എന്നിവര്‍ പങ്കെടുത്തു.