ശൈഖ അലനൂദ് ബിന്‍ത് ഹമദ് അല്‍ഥാനി വേള്‍ഡ് ഇക്കണോമിക് ഫോറം യംഗ് ഗ്ലോബല്‍ ലീഡേഴ്സില്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ അതോറിറ്റിയിലെ ബിസിനസ് ഡെവലപ്‌മെന്റ് മാനേജിംഗ് ഡയറക്ടര്‍ ശൈഖ അലനൂദ് ബിന്‍ത് ഹമദ് അല്‍ഥാനിയെ വേള്‍ഡ് ഇക്കണോമിക് ഫോറം യംഗ് ഗ്ലോബല്‍ ലീഡേഴ്സിലേക്ക് തിരഞ്ഞെടുത്തു. ഈ അംഗീകാരം അവരെ ഏറ്റവും പ്രായം കുറഞ്ഞതും ഈ വര്‍ഷം ഖത്തറില്‍ നിന്നും ചേരുന്ന ഏക പ്രതിനിധി എന്ന പദവിക്ക് അര്‍ഹയാക്കി
ഓരോ വര്‍ഷവും, ഫോറം ഓഫ് യംഗ് ഗ്ലോബല്‍ ലീഡേഴ്സ്, 40 വയസ്സിന് താഴെയുള്ള സിവില്‍ സമൂഹം, കല, സംസ്‌കാരം, സര്‍ക്കാര്‍, ബിസിനസ്സ് എന്നിവയിലുടനീളം ഗുണപരമായ മാറ്റത്തിനായി പുതുമകള്‍ സൃഷ്ടിക്കുന്ന ലോകത്തെ ഏറ്റവും പ്രഗല്‍ഭരായ നേതാക്കളെയാണ് തിരഞ്ഞെടുക്കാറുളളത്.
2021 ലെ യംഗ് ഗ്ലോബല്‍ ലീഡേഴ്സ് ക്ലാസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 56 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 112 ഗവേഷകര്‍, നൂതന സംരംഭകര്‍, പ്രവര്‍ത്തകര്‍, മികച്ച രാഷ്ട്രീയ നേതാക്കള്‍ എന്നിവരില്‍ ഒരാളാണ് ശൈഖ അലനൂദ്.
ഇതോടെ പ്രധാനമന്ത്രിമാരായ ജസീന്ദ ആര്‍ഡെര്‍ന്‍, സന്ന മരിന്‍, കോസ്റ്റാറിക്ക പ്രസിഡന്റ് കാര്‍ലോസ് അല്‍വാരഡോ ക്വസാഡ, നടന്‍ യാവോ ചെന്‍, അഭിഭാഷകന്‍ അമല്‍ ക്ലൂണി, ചലച്ചിത്ര നിര്‍മ്മാതാവ് വനൂരി കഹിയു എന്നിവരുള്‍പ്പെടെ 120 ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള 1,400 അംഗങ്ങളും പൂര്‍വ്വ വിദ്യാര്‍ത്ഥികളുമുള്ള യംഗ് ഗ്ലോബല്‍ ലീഡേഴ്സ് കമ്മ്യൂണിറ്റിയുടെ ഭാഗമാകും ശൈഖ അലനൂദ.