ഒരുജീവിതം പല കാഴ്ചകളില്‍ കാണുന്ന ദേര ഡയറീസ് നീ സ്ട്രീം ഒ.ടി.ടിയില്‍
പ്രവാസത്തിന് ലോകത്തെവിടെയും ഒരേ അര്‍ഥമായിരിക്കും. മദിരാശിയും കല്‍ക്കത്തയും ബര്‍മയും സിലോണും സിംഗപ്പൂരും വഴി അറേബ്യന്‍ ഗള്‍ഫിലും അമേരിക്കയും കാനഡയിലുമൊക്കെയായി പരന്നു കിടക്കുന്ന മലയാളിയുടെ പ്രവാസത്തിന് എത്രയെങ്കിലും കഥകള്‍ പറയാനുണ്ടാവും. അത്തരം പ്രവാസ കഥകളില്‍ നിന്ന് പറഞ്ഞു കേട്ടിട്ടില്ലാത്തൊരേട് കാഴ്ചക്കാര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുകയാണ് ദേര ഡയറീസ് എന്ന ചിത്രത്തിലൂടെ മുഷ്ത്താഖ് റഹ്‌മാന്‍ കരിയാടനും സംഘവും. പ്രവാസികളുടെ ജീവിതത്തില്‍ അവര്‍ പോലുമറിയാതെ കിടക്കുകയായിരുന്ന കഥകളിലൊന്ന് ഒ ടി ടി പ്ലാറ്റ്ഫോമായ നീ സ്ട്രീമില്‍ റിലീസ് ചെയ്തു.
ഒരാളെ കുറിച്ച് പറയുമ്പോഴും അയാളുടെ കഥ പറയാതെ അയാള്‍ സ്വാധീനം ചെലുത്തിയ അഞ്ചു പേരിലൂടെ അവരുടെ ജീവിതങ്ങള്‍ ചിത്രീകരിക്കുന്ന വ്യത്യസ്തമായ സമീപനമാണ് ദേര ഡയറീസില്‍ രചയിതാവും സംവിധായകനുമായ മുഷ്താഖ് റഹ്‌മാന്‍ കരിയാടന്‍ സ്വീകരിച്ചിരിക്കുന്നത്.
മൂന്നരപ്പതിറ്റാണ്ടു കാലത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയ യൂസുഫ് എന്ന അറുപതുകാരന്‍ തങ്ങളുടെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം വലുതായിരുന്നുവെന്ന് പലരും തിരിച്ചറിയുന്നതുപോലും അയാളുടെ അഭാവത്തിലായിരുന്നു. പ്രവാസത്തിന്റെ മധ്യകാലങ്ങളില്‍ അറേബ്യന്‍ സ്വപ്നങ്ങളുമായി മരുഭൂമിയില്‍ ചേക്കേറിയ നല്ല മനസ്സുള്ള ചെറിയ മനുഷ്യരുടെ പ്രതിനിധിയാണ് സിനിമയിലെ യൂസുഫ്. തീര്‍ച്ചയായും യൂസുഫിനെ പോലുള്ള എത്രയെങ്കിലും പേരെ അറേബ്യന്‍ ഗള്‍ഫില്‍ ഏതെങ്കിലുമൊരിടത്ത് ഓരോരുത്തരും കണ്ടുമുട്ടിയിട്ടുണ്ടാവും. അയാള്‍ തങ്ങളിലുണ്ടാക്കിയ സ്വാധീനത്തെ കുറിച്ചല്ലാതെ അയാള്‍ക്കൊരു ജീവിതമുണ്ടെന്ന കാര്യം അവരും കാഴ്ചക്കാരും മറന്നുപോകുന്നുണ്ട്.
വ്യത്യസ്ത കാലത്തും പ്രായത്തിലുമുള്ള നിരവധി പേരുടെ ജീവിതങ്ങളില്‍ ചെറുതെന്ന് തോന്നിക്കുമ്പോഴും വലിയ സ്വാധീനങ്ങളാണ് യൂസുഫ് ചെലുത്തിയതെന്ന് പ്രേക്ഷകന് ബോധ്യപ്പെടും. ദുബൈ ജീവിതത്തിന്റെ തിരക്കുള്ള കെട്ടുകാഴ്ചകള്‍ക്കപ്പുറം അബ്രയിലെ ഓളങ്ങളിലൂടെ കടന്നുപോകുന്ന വഞ്ചിയിലുള്ളവരെ പോലെ അല്‍പ നേരത്തേക്കെങ്കിലും ജീവിത ഭാണ്ഡങ്ങള്‍ നെഞ്ചോടു ചേര്‍ത്തു വെക്കുകയാണ് കഥാപാത്രങ്ങളില്‍ പലരും. അന്നേരങ്ങളിലാണ് അവര്‍ യൂസുഫ് തങ്ങള്‍ക്കാരായിരുന്നുവെന്ന് തിരിച്ചറിയുന്നത്. ജീവിതമെന്നാല്‍ വെറുമൊരു കഥയല്ലെന്നും നിരവധി കഥകള്‍ ചേര്‍ന്ന സമാഹാരമാണെന്നും ദേര ഡയറീസ് കാഴ്ചക്കാരനെ ബോധ്യപ്പെടുത്തുന്നു.
മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്ന ഒരു മനുഷ്യന്‍ കടന്നുപോകുന്ന വഴികളില്‍ താന്‍ പോലുമറിയാതെ രക്ഷകനായി മാറുകയാണ് ചിത്രത്തില്‍. താന്‍പോലുമറിയാതെയാണ് യൂസുഫ് നായക സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കപ്പെടുന്നത്.
മലയാള സിനിമയിലെ കാസ്റ്റിംഗ് ഡയറക്ടര്‍ കൂടിയായ അബു വളയംകുളമാണ് ദേര ഡയറീസിലെ പ്രധാനകഥാപാത്രമായ യൂസുഫിനെ അവതരിപ്പിക്കുന്നത്. അബു വളയംകുളം മലയാളത്തില്‍ ആദ്യമായി നായകാനുകുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. മുപ്പതു മുതല്‍ അറുപതു വയസ്സുവരെയുള്ള മുപ്പതു വര്‍ഷത്തെ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് അബു സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധപിടിച്ചുപറ്റുന്ന ഷാലു റഹീമാണ് മറ്റൊരു കഥാപാത്രമായ അതുലായി വെള്ളിത്തിരയിലെത്തുന്നത്. ദുബൈയിലെ ഹിറ്റ് എഫ് എം 96.7ലെ ആര്‍ ജെ അര്‍ഫാസ് ഇഖ്ബാല്‍ വെള്ളിത്തിരയിലേക്ക് ചുവടുവെക്കുന്നു എന്ന പ്രത്യേകതയും ദേര ഡയറീസിനുണ്ട്. ഇവരോടൊപ്പം യു എ ഇയിലെ പ്രസിദ്ധരായ അഭിനേതാക്കളാണ് വെള്ളിത്തിരയിലെത്തുന്നത്.
കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി സ്വതന്ത്ര സിനിമകളിലൂടെ രംഗത്തുണ്ടായിരുന്ന മുഷ്ത്താഖ് റഹ്‌മാന്‍ കരിയാടന്റെ പ്രഥമ സിനിമാ സംരംഭമാണ് ദേര ഡയറീസ്. ആര്‍പ്പ്, ചിത്രങ്ങള്‍, യാത്രാമധ്യേ തുടങ്ങിയ സ്വതന്ത്ര സിനിമകളുടെ സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
എം ജെ എസ് മീഡിയയുടെ ബാനറില്‍ ഫോര്‍ എവര്‍ ഫ്രന്റ്‌സിനു വേണ്ടി മധു കറുവത്തും സംഘവുമാണ് ദേര ഡയറീസ് നിര്‍മിച്ചത്.