
ഖത്തറിലെ വിപണി വിഹിതം 90 ശതമാനമാക്കാനൊരുങ്ങി വുഖൂദ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പ്രമുഖ ഇന്ധന വിതരണ, വിപണന സേവന കമ്പനിയായ വുഖൂദ് വിപണി വിഹിതം 90 ശതമാനമാക്കാനൊരുങ്ങുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പെട്രോള്‍ സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് രാജ്യത്തെ വിപണി വിഹിതം ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. പെട്രോളിയം റീട്ടെയില്‍ വിപണിയില്‍ കമ്പനിയുടെ വിഹിതം കഴിഞ്ഞ വര്‍ഷാവസാനം 85 ശതമാനത്തിലെത്തിയിരുന്നു.
പെട്രോളിയം സ്റ്റേഷനുകളുടെ വിപുലീകരണം കാരണം, 2020 അവസാനത്തോടെ പെട്രോളിയം ഉല്‍പന്നങ്ങളുടെ റീട്ടെയില്‍ വിപണിയില്‍ വുഖൂദിന്റെ പങ്ക് ഏകദേശം 85 ശതമാനമായി ഉയര്‍ന്നു, ഈ വര്‍ഷം അവസാനത്തോടെ ഇത് 90 ശതമാനമാക്കി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
കമ്പനിയുടെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് വുഖൂദ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സഅദ് റാഷിദ് അല്‍ മുഹന്നദി ഇക്കാര്യം പറഞ്ഞത്.
വാഹനങ്ങളുടെ സാങ്കേതിക്ഷമതയറിയുന്നതിനുള്ള ഒരു പരിശോധനാ കേന്ദ്രം കൂടി തുറന്നതോടെ മൊത്തം 12 ഫഹസ് കേന്ദ്രങ്ങളാണ് വുഖൂദിന് കീഴിലുള്ളത്.