കോവിഡ് കാലത്തും കമ്മ്യൂണിറ്റിയുടെ ക്ഷേമം ഉറപ്പ് വരുത്തി ഇന്ത്യന്‍ എംബസി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കോവിഡ് കാലത്തും ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍. എംബസിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംബസി സേവനങ്ങള്‍ കാര്യക്ഷമവും കുറ്റമറ്റതുമാക്കുന്നതിന് മൊബൈല്‍ അപ്ലിക്കേഷന്‍, ചാറ്റ്ബോട്ട് തുടങ്ങിയ സംവിധാനങ്ങള്‍ വികസിപ്പിച്ച് വരികയാണ്. ബഹുഭാഷ കോള്‍ സെന്റര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചും ആലോചിക്കുന്നുണ്ട്.
2021 ജനുവരി മുതല്‍ 12000 ലധികം പുതിയ പാസ്പോര്ട്ടുകള് നല്കി. രണ്ടായിരത്തോളം പി.സി.സി, 7400 അറ്റസ്റ്റേഷന് എന്നിവയും ഈ കാലയളവില്‍ പൂര്‍ത്തിയാക്കി.
ഓണ്‍ലൈനില്‍ അപ്പോയിന്റ്മെന്റുകള്‍ നല്‍കിയാണ് കോണ്‍സുലാര്‍ സേവനങ്ങള്‍ ക്രമീകരിക്കുന്നത്. എന്നാല്‍ അടിയന്തിര പ്രാധാന്യമുള്ള കേസുകളില്‍ എമര്‍ജന്‍സി അപ്പോയ്ന്റ്മെന്റുകള്‍ നല്‍കുന്നുണ്ട്. നിത്യവും ഇത്തരത്തിലുള്ള 45 – 50 കേസുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
കമ്മ്യൂണിറ്റിയിലേക്ക് ഇറങ്ങിചെന്ന് ഏഷ്യന്‍ ടൗണില്‍ സംഘടിപ്പിച്ച കോണ്‍സുലാര്‍ ക്യാമ്പില്‍ 70ാളം ഇന്ത്യക്കാര്‍ക്ക് പ്രയോജനം ലഭിച്ചു. മാസം തോറും ഇത് പോലുള്ള ക്യാമ്പുകള്‍ സംഘടിപ്പിക്കാനാണ് എംബസി ഉദ്ദേശിക്കുന്നത്. അല്‍ഖോറിലെ ഇന്ത്യന്‍ മുക്കുവര്‍ക്ക് വേണ്ടി പ്രത്യേകം കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കും.
2020 ല്‍ എംബസിക്ക് ലഭിച്ച 2437 പരാതികളില്‍ 2196 പരാതികളും പരിഹരിച്ചതായി അംബാസഡര്‍ പറഞ്ഞു.
ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും കഴിഞ്ഞ വര്‍ഷം 2 കോടി രൂപ ചിലവഴിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കുക, വിമാനടിക്കറ്റ്, മൃതദേഹം കൊണ്ടുപോകല്‍, മറ്റു സഹായങ്ങള്‍ എന്നിവക്കാണ് ഈ തുക ചിലവഴിച്ചത്.
ഇന്തോ ഖത്തര്‍ ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ഇന്ത്യയില്‍ ഓഫീസ് തുറക്കാന്‍ താല്പര്യം പ്രകടിപ്പിച്ചത് ഇന്തോ ഖത്തര്‍ വ്യാപാര രംഗത്ത് ആശാവഹമായ മാറ്റത്തിന് കാരണമാകും. ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഫാര്‍മസി, ഫുഡ്, എഞ്ചിനിയറിംഗ് മേഖലകളില്‍ നിന്നുള്ള കമ്പനികളുടെ വെബിനാര്‍ നടന്നത് ഏറെ ബിസിനസ് അവസരങ്ങള്‍ പരിചയപ്പെടുത്താന്‍ സഹായകമായി. ദോഹ എക്സിബിഷന് ആന്റ് കണ്വെന്ഷന് സെന്ററില്‍ നടന്നുവരുന്ന അഗ്രിടെകിലെ ഇന്ത്യന്‍ പവലിയന് ഇതിനകം തന്നെ അധികൃതരുടെ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്.
ഇന്ത്യ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം ഖത്തര്‍ അമീര്‍ സ്വീകരിച്ചത് ഇന്തോ ഖത്തര്‍ ബന്ധങ്ങളുടെ പുതിയ അധ്യായത്തിന്റെ തുടക്കമാണ്.
ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വിദ്യാഭ്യാസ പ്രശ്നങ്ങളില്‍ സാധ്യമായ എല്ലാ സഹായങ്ങളും എംബസി ചെയ്ത് കൊണ്ടിരിക്കുന്നു. ദോഹയില്‍ നീറ്റ് പരീക്ഷ കേന്ദ്രം തുടങ്ങുന്നത് സംബന്ധിച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുമായി ആശയവിനിമയം നടത്തിവരികയാണ്. ഖത്തറിലെ ആദ്യത്തെ ഇന്ത്യന്‍ യൂണിവേഴ്സിറ്റി ഈ വര്‍ഷം സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ പ്രവര്‍ത്തനമാരംഭിക്കും. രാജഗിരി, ലെയോള, സ്കോളേഴ്സ് എന്നീ സ്ക്കൂളുകള്‍ക്ക്് സി.ബി.എസ്.ഇ അംഗീകാരം പൂര്‍ത്തിയായി കഴിഞ്ഞു.
എം.ഇ.എസ് ഇന്ത്യന്‍ സ്്ക്കൂളിന്റെ പുതിയ ശാഖ അടുത്ത മാസം പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
411 ഇന്ത്യക്കാരാണ് ഖത്തര്‍ ജയിലിലുള്ളത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഇതില്‍ 251 പേരെ എംബസി സംഘം സന്ദര്‍ശിച്ചു. ആഴ്ച്ച തോറും എംബസി സംഘത്തിന്റെ ജയില്‍ സന്ദര്‍ശനം തുടരുന്നുണ്ട്. 2020ല്‍ 69 ഇന്ത്യക്കാര്‍ അമീര്‍ മാപ്പ് നല്‍കിയതിനെതുടര്‍ന്ന് ജയില്‍ മോചിതരായി.
എംബസി പൊളിറ്റിക്കല്‍ & ഇന്‍ഫര്‍മേഷന്‍ സെക്കന്റ് സെക്രട്ടറി പത്മ കാരിയും മീഡിയ ബ്രീഫിംഗില്‍ പങ്കെടുത്തു.