IM Special

മൈഥിലി ഷേണായ്, ഖത്തറിന്റെ മനം കവര്‍ന്ന ഗായിക

ഡോ.അമാനുല്ല വടക്കാങ്ങര

ഖത്തറിന്റെ മനം കവര്‍ന്ന ഗായികയായ മെഥിലി ഷേണായ് വിവിധ ഭാഷകളിലെ മനോഹരങ്ങളായ ഗാനങ്ങളാപലിച്ച് ഖത്തറിലെ സഹൃദയ മനസുകള്‍ കീഴടക്കിയ കലാകാരിയാണ്. ഭവന്‍സ് പബ്‌ളിക് സ്‌ക്കൂളിലെ പത്താം തരം വിദ്യാര്‍ഥിനിയായ മൈഥിലിക്ക് സംഗീതം ജീവനാണ്. അതുകൊണ്ട് തന്നെ പാട്ടുപാടാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല. കുറഞ്ഞ കാലംകൊണ്ട് നൂറോളം വ്യത്യസ്ത വേദികളില്‍ പാടാന്‍ ഈ കൊച്ചു കലാകാരി സമയം കണ്ടെത്തിയെന്നത് സംഗീതത്തോടുള്ള ഈ കുടുംബത്തിന്റെ പ്രതിബദ്ധതയുടെ കൂടി ഭാഗമാണ്. പിതാവ് പ്രവീണ്‍ നന്നായി പാടും, അമ്മ അമ്പിളി നല്ല ഒരു ആസ്വാദകയും. അനുജത്തി മാളവികയും മൈഥിലിയുടെ വഴിയിലാണ് സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ വീട്ടില്‍ ഒഴിവ് സമയങ്ങള്‍ മുഴുവന്‍ സംഗീത സാന്ദ്രമാണ്.

കൊച്ചുനാളിലെ പാട്ടുപാടാനും കേള്‍ക്കാനും മൈഥിലിക്ക് വലിയ താല്‍പര്യമായിരുന്നു. ബന്ധുവായ കൃഷ്ണകുമാര്‍ പൈ ആണ് മൈഥിലിയുടെ പാടാനുള്ള കഴിവ് തിരിച്ചറിഞ്ഞ് പ്രോല്‍സാഹിപ്പിച്ചത്. ഒന്നാം ക്‌ളാസ് മുതലേ സ്‌ക്കൂളിലെ വിവിധ സംഗീത പരിപാടികളില്‍ പങ്കെടുത്ത് സമ്മാനം നേടാന്‍ തുടങ്ങിയതോടെ ആവേശംകൂടി. സ്‌ക്കൂളിലെ അധ്യാപകരാണ് തന്റെ ഏറ്റവും വലിയ ശക്തി. അവരുടെ പ്രോല്‍സാഹനവും പിന്തുണയുമാണ് പാടാന്‍ ഊര്‍ജം നല്‍കുന്നത്.

മൈഥിലിയുടെ പാട്ടുജീവിതത്തില്‍ പാട്ടുപഠിക്കുവാന്‍ പ്രോല്‍സാഹിപ്പിച്ച സ്‌ക്കൂളിലെ സംഗീത അധ്യാപകന്‍ ബിഥുല്‍ ത്യാഗരാജന്റെ പങ്ക് വളരെ വലുതാണ്. അദ്ദേഹത്തിന് കീഴില്‍ ഇപ്പോഴും കര്‍ണാടിക് മ്യൂസിക് പഠിക്കുന്നുണ്ട്.

ആറാം ക്‌ളാസ് മുതല്‍ പൊതുവേദികളില്‍ പാടുന്ന മൈഥിലി മലയാളം, ഹിന്ദി, തമിഴ് പാട്ടുകളൊക്കെ മനോഹരമായി പാടും. മാപ്പിളപ്പാട്ടും നാടന്‍ പാട്ടുമൊക്കെ ഒരു പോലെ വഴങ്ങുന്ന മൈഥിലി മൂന്ന് തവണ സ്‌ക്കൂളിലെ കലാതിലകമായിരുന്നു. രണ്ട് തവണ പൂര്‍വവിദ്യാര്‍ഥി സംഘടനാ കൂട്ടായ്മയായ കാക് ഫെസ്റ്റിവലിലും കലാതിലകമായിരുന്നു.


ഡോ. സൂസ ടിമ സൂസന് കീഴില്‍ നൃത്തമഭ്യസിക്കുന്ന മൈഥിലി ഒരു നല്ല നര്‍ത്തകി കൂടിയാണ് .

മീഡിയ വണ്‍ ഖത്തര്‍ സംഘടിപ്പിച്ച ചിത്രവര്‍ഷത്തില്‍ കെ എസ്. ചിത്രയില്‍ നിന്നും പുരസ്‌കാരം നേടിയ മൈഥിലിക്ക് ദോഹയിലെ പാട്ടുകാര്‍ എന്ന പരിപാടിയില്‍ ദുല്‍ഖര്‍ സല്‍മാനില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങാനും ഭാഗ്യമുണ്ടായി. തിരുമുറ്റം നടത്തിയ അണ്‍ പ്‌ളഗ് കോംപറ്റീഷനില്‍ ഒന്നാം സമ്മാനം നേടിയതും മൈഥിലിയിലെ കലാകാരിക്ക് ലഭിച്ച വലിയ അംഗീകാരമാണ്.

ജി. വേണുഗോപാല്‍, ജാസി ഗിഫ്റ്റ്, സ്റ്റീഫന്‍ ദേവസ്യ, വയലാര്‍ ശരത് ചന്ദ്രവര്‍മ എന്നിവരോടൊപ്പം വേദിപങ്കിടുവാന്‍ അവസരം ലഭിച്ചതും സംഗീതവഴിയിലെ ഭാഗ്യമായാണ് ഈ കൊച്ചുകലാകാരി കണക്കാക്കുന്നത്.

ദോഹയിലെ കലാരംഗത്തുള്ള നിരവധി സഹൃദയരുടെ പ്രോല്‍സാഹനവും പിന്തുണയും നേടുവാന്‍ മൈഥിലിക്ക് കഴിഞ്ഞിട്ടുണ്ട്. ദോഹ വേവ്‌സ് ചെയര്‍മാന്‍ മുഹമ്മദ് ത്വയ്യിബ്, കുടുംബ സുഹൃത്ത് ബിമല്‍, കോഴിക്കോട് ഗഫൂര്‍, അന്‍വര്‍ ബാബു, സ്‌ക്കൂളിലെ അധ്യാപകര്‍ എന്നിവരെ ഏറെ നന്ദിയോടെയാണ് മൈഥിലി അനുസ്മരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!