ഹബീബ് വി റഹ്‌മാന്‍, തിരശ്ശീലക്ക് പിന്നിലെ താരം
ഡോ. അമാനുല്ല വടക്കാങ്ങര
മലപ്പുറം ജില്ലയില്‍ തിരൂരിനടുത്ത് കുറുക്കോട് സ്വദേശി ഹബീബ് വി റഹ്‌മാന്‍, തിരശ്ശീലക്ക് പിന്നിലെ താരമാണ്. കലാരംഗങ്ങളില്‍ ചെറുപ്പം മുതലേ സജീവമായിരുന്ന ഹബീബ് മാന്ത്രികനായും ഹൃസ്വ ചിത്ര രചന സംവിധായകനായും തിളങ്ങിയിരുന്നെങ്കിലും ദോഹയിലെത്തിയ ശേഷം തിരശ്ശീലക്ക് പിന്നിലെ താരമാകാനാണ് ആഗ്രഹിച്ചത്. കഴിഞ്ഞ 9 വര്‍ഷത്തോളമായി ഖത്തറിലുള്ള അദ്ദേഹം സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളെ സാകൂതം വീക്ഷിക്കുകയും സാധ്യമാകുന്ന രീതികളിലൊക്കെ ഇടപെടുകയും ചെയ്താണ് മനുഷ്യ സ്നേഹത്തിന്റേയും മാനവികതയുടേയും മഹത്തായ മൂല്യങ്ങള്‍ അടയാളപ്പെടുത്തിയത്.
സഹജീവികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സുഹൃത്ത് സായ് പ്രസാദുമായി ചേര്‍ന്ന് വാട്സ് അപ്പ് കൂട്ടായ്മ രൂപീകരിച്ച് തൊഴില്‍ സംബന്ധവും മറ്റുമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ തുടങ്ങി. ആ കൂട്ടായ്മ വളര്‍ന്ന് പന്തലിച്ച് ദോഹ മലയാളീസ് എന്ന പതിനായിരം അംഗങ്ങളുള്ള ഫേസ് ബുക്ക് കൂട്ടായ്മയായി മാറി.
ശ്രദ്ധേയമായ മൂന്ന് ഹൃസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്താണ് ഹബീബ് കലാരംഗത്തെ തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയത്.
2019 ല്‍ പുറത്തിറങ്ങിയ എഡ്വിന്‍സ് ആന്‍ എന്ന റൊമാന്റിക് ത്രില്ലര്‍ ആണ് ആദ്യ ചിത്രം. അമര്‍ വിഷ്ണു, ആര്‍.ജെ. പാര്‍വതി. സായ് പ്രസാദ് എന്നിവര്‍ തകര്‍ത്തഭിനയിച്ചതോടൊപ്പം സാങ്കേതിക തികവിലും പശ്ചാത്തല സൗന്ദര്യത്തിലും മികച്ചുനില്‍ക്കുന്നു.
ആഷസ് എന്ന രണ്ടാമത്തെ ചിത്രം പുകവലിക്കെതിരെയുള്ള ബോധവല്‍ക്കരണമാണ്. ജീവിതത്തെ ഇഞ്ചിഞ്ചായി നശിപ്പിക്കുന്ന ദുരന്തമായ പുകവലിയെ ഒരു സാമൂഹ്യ തിന്മയായും ജീവന്റെ കാലനായും അവതരിപ്പിക്കുമ്പോള്‍ സോദ്ദേശ്യപരമായ ബോധവല്‍ക്കരണമാണ് നടക്കുന്നത്. ഫാസില്‍ ഷാജഹാന്‍, മകന്‍ റോവല്‍ ഷാജഹാന്‍ എന്നിവരോടൊപ്പം സായ് പ്രസാദും ഈ ചിത്രത്തില്‍ വേഷമിട്ടു. ഫാബ്രിക് ഡെ സിനിമ എന്ന സിനിമ കൂട്ടായ്മ സംഘടിപ്പിച്ച ഫിലിം ഫിയസ്റ്റയില്‍ മികച്ച ഹൃസ്വ ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ച ആഷസ് ഏറെ കാലിക പ്രസക്തവും സന്ദേശപ്രധാനവുമാണ്.
കോ വിക്ടിം ആണ് മൂന്നാമത്തെ ചിത്രം. കോവിഡ് പശ്ചാത്തലത്തില്‍ അതിന്റെ എല്ലാ ദുരന്തങ്ങളും വരച്ചുകാണിക്കുന്ന ഹൃദയസ്പര്‍ശിയായ ചിത്രമാണിത്.
റിലീസിന് തയ്യാറാകുന്ന ദ ടാസ്‌ക് ആണ് ഹബീബിന്റെ പുതിയ പ്രൊജക്ട്.
ഹബീബിന്റെ ഓരോ ചിത്രങ്ങളും വൈവിധ്യമാര്‍ന്ന പ്രമേയത്തിലും അവതരണത്തിലും വ്യതിരിക്തവും മികവും പുലര്‍ത്തുന്നവയാണ്. ഓരോ ചിത്രത്തിനും ഇംഗ്ളീഷ് പേരുകളാണ് നല്‍കിയെന്നതും ലോകോത്തര ഇംഗ്ളീഷ് സിനിമകളുടെ പശ്ചാത്തല സൗന്ദര്യത്തോടെയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നതും എടുത്തുപറയേണ്ടവയാണ്. ബിഗ് സ്‌ക്രീനിന്റെ മികവില്‍ ഹൃസ്വചിത്രങ്ങളൊരുക്കി തിരശ്ശീലക്ക് പിന്നില്‍ ക്രിയാത്മകനായി സജീവമാകുന്ന കലാകാരനാണ് ഹബീബ് വി റഹ്‌മാന്‍
സുഫ്‌യാനത്താണ് ഭാര്യ. ഇസ്സ, ഇസ്ഹാന്‍ എന്നിവര്‍ മക്കളാണ്. മകള്‍ ഇസ്സ കൊച്ചുപ്രായത്തിലേ വ്ളോഗറായി ശ്രദ്ധേയയാണ്.