കോവിഡ് പ്രതിസന്ധി, വകറ ഹോസ്പിറ്റല്‍ ഇന്നുമുതല്‍ കോവിഡ് ആശുപത്രിയാക്കി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വകറ ഹോസ്പിറ്റല്‍ ഇന്നുമുതല്‍ കോവിഡ് ആശുപത്രിയാക്കാന്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ തീരുമാനം. ഇത് സംബന്ധിച്ച അറിയിപ്പ് ഇന്നലെ വൈകുന്നേരമാണ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ലഭിച്ചത്. ഇന്ന് രാവിലെ മുതല്‍ തന്നെ തീരുമാനം നടപ്പിലായതായി വകറ ഹോസ്പിറ്റല്‍ സന്ദര്‍ശിച്ച ഒരാള്‍ ഇന്റനാഷണല്‍ മലയാളിയോട് പറഞ്ഞു.
വകറ പ്രസവ ആശുപത്രിയിലെ കോവിഡ് രോഗികളല്ലാത്തവരെ ഇന്നുമുതല്‍ സിദ്റ് ഹോസ്പിറ്റലിലേക്ക് മാറ്റും. അതുപോലെ തന്നെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന് കീഴിലുള്ള മറ്റ് ആശുപത്രികളിലെ സ്ത്രീ രോഗ വിഭാഗങ്ങളിലെയും പീഡിയാട്രിക് സര്‍ജറി വിഭാഗങ്ങളിലേയും കോവിഡ രോഗികളെ ഏപ്രില്‍ നാല് മുതല്‍ വകറ ഹോസ്പിറ്റലിലേക്ക് മാറ്റം.
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ വ്യത്യസ്ത കേന്ദ്രങ്ങളില്‍ ചികില്‍സയിലുള്ള കോവിഡ് സ്ഥിരീകരിച്ച മാനസിക രോഗികളെയും ഏപ്രില്‍ 5 മുതല്‍ വകറ ഹോസ്പിറ്റലിലേക്ക് മാറ്റും. എന്നാല്‍ തീ പൊള്ളലിനുള്ള ചികിത്സ, ഡയാലിസിസ്, പല്ലുരോഗവിഭാഗത്തിലെ സേവനങ്ങള്‍ എന്നിവ വകറ ഹോസ്പിറ്റലില്‍ തന്നെ തുടരും.
വകറ ഹോസ്പിറ്റല്‍ എമര്‍ജന്‍സി നാളെ അര്‍ദ്ധ രാത്രി അടക്കും. വകറയിലും പരിസരങ്ങളിലുമുള്ള അത്യാവശ്യക്കാര്‍ ജീവന് അപായമില്ലാത്ത എമര്‍ജന്‍സികളില്‍ 16000 എന്ന നമ്പറിലോ ജീവന് അപായമുള്ള എമര്‍ജന്‍സികളില്‍ 999 എന്ന നമ്പറിലോ ബന്ധപ്പെടണം.