2030 ലോക ഭൗമദിനം വരെ ഓരോ 5 മില്യണ്‍ കസ്റ്റമര്‍ റൈഡിനൊപ്പവും ഓരോ മരം നടാനൊരുങ്ങി ദോഹ മെട്രോ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. പരിസ്ഥിതി സുസ്ഥിരതയോടുള്ള നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായി ഖത്തര്‍ റെയില്‍ 2021 ലോക ഭൗമദിനത്തില്‍ പരിസ്ഥിതി കാര്യങ്ങളില്‍ ആഘോഷിക്കാനും അവബോധം വളര്‍ത്താനും മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ പുതിയ ഗ്രീന്‍ മെട്രോ പ്രതിജ്ഞാബദ്ധത പ്രഖ്യാപിച്ചു.
ആവേശകരമായ ഈ ഹരിത സംരംഭത്തിലൂടെ, ദോഹ മെട്രോ 2030 ലോക ഭൗമദിനം വരെ ഓരോ 5 മില്യണ്‍ കസ്റ്റമര്‍ റൈഡിനൊപ്പവും ഓരോ മരം നട്ടുപിടിപ്പിക്കും. പരിസ്ഥിതി സുസ്ഥിരത, വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തല്‍, ഗ്രഹത്തെ സംരക്ഷിക്കല്‍ എന്നിവയെക്കുറിച്ചുള്ള അവബോധം വളര്‍ത്താനാണ് വൃക്ഷത്തൈ നടല്‍ സംരംഭത്തിലൂടെ ശ്രമിക്കുന്നത്. റൈഡര്‍ഷിപ്പ് വളര്‍ത്തുന്നതിലും എല്ലാവര്‍ക്കും ഹരിത യാത്രകള്‍ നല്‍കുന്നതിലും മെട്രോയുടെ വിജയത്തിന്റെ ദൃശ്യ പ്രതിഫലനമായി ഈ വൃക്ഷങ്ങള്‍ മാറും.
ഈ നീക്കം ഖത്തര്‍ റെയിലിന്റെ സുസ്ഥിരഭാവിയിലേക്കുള്ള പ്രതിബദ്ധതയെയും സംഭാവനകളെയും വീണ്ടും ഔട്ടിയുറപ്പിക്കുന്നു, മാത്രമല്ല എല്ലാവര്‍ക്കും ഹരിത ചുറ്റുപാടിന്റെ പാരമ്പര്യം സൃഷ്ടിക്കാന്‍ സഹായിക്കുകയും ചെയ്യും.
പരിസ്ഥിതി സൗഹൃദ നടപടികളിലൂടെ ദോഹ മെട്രോയുടെ അത്യാധുനിക രൂപകല്‍പ്പന ഹരിത യാത്രകള്‍ക്ക് സംഭാവന നല്‍കുകയും ഖത്തര്‍ നാഷണല്‍ വിസണ്‍ 2030 ന് അനുസൃതമായി രാജ്യത്തിന്റെ വികസനത്തിന് പിന്തുണ നല്‍കുകയും ചെയ്യുന്നു. മെട്രോ നടപ്പാക്കിയ കടലാസില്ലാത്ത ടിക്കറ്റുകള്‍ ഈ രംഗത്തെ കാര്യമായൊരു ചുവടുവെപ്പാണ് . റോഡ് വഴിയുള്ള യാത്രകളുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സഹായിക്കുന്നതിലൂടെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും മെട്രോ വഴിയൊരുക്കുന്നു.
രാജ്യത്ത് പൊതുഗതാഗതത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ഖത്തറിന്റെ സംയോജിത പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലാണ് ദോഹ മെട്രോ. കൂടാതെ ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 പൂര്‍ത്തീകരിക്കുന്നതിലും ദോഹ മെട്രോക്ക് പ്രധാന പങ്കുണ്ട്.