അമീരീ കപ്പ് ഫൈനല്‍ മെയ് 14 ന്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ കാല്‍പന്തുകളിയാരാധകര്‍ കാത്തിരിക്കുന്ന അമീരീ കപ്പ് ഫൈനല്‍ മെയ് 14 ന് ജാസ്സിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മറ്റി അറിയിച്ചു. നിവലിലെ കോവിഡ് സാഹചര്യത്തില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി പരിമിതമായ ആരാധകരെയാണ് കളി നേരില്‍ കാണുവാന്‍ അനുവദിക്കുക.
പൂര്‍ണമായും വാക്‌സിനെടുത്തവര്‍ക്കും കോവിഡ് ബാധിച്ച് ഭേദമായവര്‍ക്കുമാണ് ടിക്കറ്റ് വാങ്ങാന്‍ കഴിയുക. വാക്‌സിനെടുത്തവര്‍ ഏപ്രില്‍ 30 നെങ്കിലും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചിരിക്കണം. കോവിഡ് ബാധിച്ച് ഭേദമായവര്‍ 2020 നവംബര്‍ 14 നും 2021 ഏപ്രില്‍ 24 നുമിടയില്‍ രോഗം ഭേദമായവരാവണമെന്നും സംഘാടകര്‍ അറിയിച്ചു.
5 മാസത്തിനകം നടക്കുന്ന രണ്ടാമത്തെ അമീരീ കപ്പ് ഫൈനലാണിത്. അമീരീ കപ്പിന്റെ 2020 എഡിഷന്‍ ഫിഫ 2022 ലോകകപ്പിനായി സജ്ജമാക്കിയ നാലാമത്തെ സ്റ്റേഡിയമായ അഹ് മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് നടന്നത്. വാശിയേറിയ മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അല്‍ അറബിയെ തറപറ്റിച്ച് അല്‍ സദ്ദാണ് അമീരീ കപ്പ് 48ാം എഡിഷന്‍ കപ്പില്‍ മുത്തമിട്ടത്.