
ഖത്തറില്‍ പെരുന്നാള്‍ കഴിയുന്നതുവരെയെങ്കിലും നിവലിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരേണ്ടി വരും. ഡോ. യൂസഫ് അല്‍ മസ്‌ലമാനി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ പെരുന്നാള്‍ കഴിയുന്നതുവരെയെങ്കിലും നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരേണ്ടി വരുമെന്ന് ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്‌ലമാനി അഭിപ്രായപ്പെട്ടു.
ഖത്തറിലെ കൊറോണ വൈറസ് കേസുകളില്‍ ക്രമാനുഗതമായ കുറവുണ്ടെന്നത് ആശ്വാസകരമാണ് . രണ്ടാഴ്ച മുമ്പ് പ്രതിദിന കേസുകളുടെ എണ്ണം 900 ല്‍ കൂടുതലായിരുന്നു. എന്നാല്‍ ഇന്ന് ഇത് 600 കേസുകളായി കുറഞ്ഞു. നിയന്ത്രണങ്ങള്‍ പാലിക്കുന്നതാണ് കേസുകളുടെ എണ്ണം കുറയാന്‍ കാരണമായത്. ആശുപത്രിയിലും തീവ്രപരിചരണത്തിലും കഴിയുന്ന രോഗബാധിതരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്.
പെരുന്നാള്‍ കഴിയുന്നതുവരെയെങ്കിലും നിലവിലുള്ള നിയന്ത്രണങ്ങളും നടപടികളും തുടരും. കേസുകളുടെ ഗണ്യമായി കുറഞ്ഞാല്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നത് പരിഗണിച്ചേക്കാമെന്ന് അദ്ദേഹം സൂചന നല്‍കി
ദേശീയ കോവിഡ് 19 വാക്‌സിനേഷന്‍ പ്രോഗ്രാം അതിവേഗം പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
രോഗം തടയുന്നതില്‍ വാക്‌സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചും , ഈ വാക്‌സിനുകള്‍ കടുത്ത കോവിഡ് ലക്ഷണങ്ങളില്‍ നിന്നും പൊതുവേ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു എന്നതിനും വ്യക്തമായ തെളിവുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ചത്തെ കണക്കുകള്‍ പ്രകാരം 1,800 രോഗികളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായി കണ്ടെത്തി. അതില്‍ 18 പേര്‍ മാത്രമായിരുന്നു വാക്‌സിന്‍ ലഭിച്ചവര്‍. ജനസംഖ്യയുടെ 80 മുതല്‍ 90 ശതമാനംം വരെ ആളുകളും വാക്‌സിനെടുക്കുന്നതോടെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയേക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.