ഖത്തറില്‍ 4 ഘട്ടങ്ങളിലായി കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളും വാക്സിനേഷനും കാരണം ഗുരുതരമായ കേസുകള്‍ ഗണ്യമായി കുറയുന്ന സാഹചര്യത്തില്‍ 4 ഘട്ടങ്ങളായി കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് കോവിഡ് നിയന്ത്രിക്കുന്നതിനുള്ള നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്‍ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു. പൊതുജനാരോഗ്യ മന്ത്രാലയവും വാണിജ്യ വ്യവസായ മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയന്ത്രണങ്ങള്‍ ഇളവ് വരുത്തുന്നതിന്റെ ആദ്യ ഘട്ടം മെയ് 28 ന് ആരംഭിക്കും. ഓരോ ഘട്ടങ്ങളും മൂന്നാഴ്ച ഇടവിട്ടായിരിക്കും. സ്ഥിതിഗതികള്‍ കൃത്യമായി വിലയിരുത്താനും വ്യക്തമായ തീരുമാനമെടുക്കാനുമാണിത്. രണ്ടാം ഘട്ടം ജൂണ്‍ 18, മൂന്നാം ഘട്ടം ജൂലൈ 19, നാലാം ഘട്ടം ജൂലൈ 30 എന്നിങ്ങനെയാണ് വിചാരിക്കുന്നത്.
പെരുന്നാളിന് ശേഷം കോവിഡ് കേസുകള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണം.
കേസുകള്‍ കുറയുകയും അവസ്ഥ മെച്ചപ്പെടുകയും ചെയ്യുന്നതോടെ പൂര്‍ണമായി വാക്സിനെടുത്തവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ അനുവദിക്കും
വാക്സിനേഷന്‍ പദ്ധതി ഊര്‍ജിതമായി മുന്നോട്ടുപോവുകയാണ്. 17 ലക്ഷം ഡോസ് വാക്സിനുകള്‍ ഇതിനകം നല്‍കി കഴിഞ്ഞു. ജനസംഖ്യയുടെ പകുതിയോളം വാക്സിനേഷന്റെ ഭാഗമായി. 80 മുതല്‍ 90 ശതമാനം പേരും വാക്സിനെടുക്കുന്നതോടെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാക്സിനേഷനില്‍ ലോകാടിസ്ഥാനത്തില്‍ തന്നെ മികച്ച പത്ത് രാജ്യങ്ങളിലാണ് ഖത്തറിന്റെ സ്ഥാനം. വാക്സിനുകള്‍ രോഗത്തെ പ്രതിരോധിക്കുവാനും തീവ്രത കുറക്കുവാനും ഏറെ സഹായകകരമാണെന്ന പഠനം ന്യൂ ഇംഗ്ളണ്ട് ജര്‍ണലില്‍ പ്രസിദ്ധീകരിച്ചത് അദ്ദേഹം ചൂണ്ടികാട്ടി.
ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയാന്‍ തുടങ്ങിയെങ്കിലും വൈറസിന്റെ പുതിയ വകഭേദങ്ങള്‍ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ നിസ്സാരമല്ല. എല്ലാവരും അതീവ ജാഗ്രതോടെ കോവിഡിനെ പ്രതിരോധിക്കണമെന്ന് അദ്ദഹം പറഞ്ഞു