ഖത്തറില്‍ 50 ശതമാനത്തിലേറെ പേര്‍ക്ക് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ പ്രായപൂര്‍ത്തിയായവരില്‍ 50.1 ശതമാനം പേര്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചതായും കോവിഡിനെതിരെയയുള്ള ദേശീയ വാക്‌സിനേഷന്‍ പ്രോഗ്രമില്‍ ഇതൊരു സുപ്രധാന നാഴികക്കല്ലാണെന്നും പൊതുജനാരോഗ്യ മന്ത്രാലയം അഭിപ്രായപ്പെട്ടു
ഇന്നുവരെ, 1,876,178 ഡോസ് വാക്‌സിനുകള്‍ നല്‍കി, 1,137,843 പേര്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചു, 738,335 പേര്‍ക്ക് (മുതിര്‍ന്നവരുടെ 32.7 ശതമാനം) ഇതിനകം രണ്ട് ഡോസുകള്‍ നല്‍കി.
ദേശീയ വാക്‌സിനേഷന്‍ പ്രോഗ്രാം ഊര്‍ജിതമായാണ് പുരോഗമിക്കുന്നത്. കൂടുതല്‍ വാക്‌സിനുകളുടെ ലഭ്യതയും അധിക വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തുറന്നതും ഫെബ്രുവരി മുതല്‍ വാക്‌സിനേഷന്‍ പരിപാടിയുടെ വേഗത ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ ഖത്തറിനെ പ്രാപ്തമാക്കി. കഴിഞ്ഞ ആഴ്ച ഏഴ് ദിവസ കാലയളവില്‍ 200,000 ഡോസുകളാണ് നല്‍കിയത്.
60 വയസ്സിനു മുകളിലുള്ള 10 പേരില്‍ 9 പേര്‍ക്കും ഇപ്പോള്‍ ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്, 10 ല്‍ 8 പേര്‍ക്ക് രണ്ട് ഡോസുകള്‍ ലഭിച്ചു. വാക്‌സിന്‍ കവറേജില്‍ ഖത്തര്‍ ലോകത്തെ മികച്ച 10 രാജ്യങ്ങളില്‍ ഒന്നാണ്.