പരിശോധനകള്‍ ഊര്‍ജിതമാക്കി മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ആരോഗ്യ, ശുചിത്വ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി വാണിജ്യ ഔട്ട്ലെറ്റുകള്‍, സ്വീറ്റ് ഷോപ്പുകള്‍, ഭക്ഷണശാലകള്‍ മുതലായവയില്‍ പരിശോധനകള്‍ ഊര്‍ജിതമാക്കി മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം .
ഈദ് അവധി ദിനങ്ങളില്‍ രാജ്യത്തൊട്ടാകെയുള്ള തീവ്രപരിശോധനാ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ദോഹ മുനിസിപ്പാലിറ്റിയുടെ ആരോഗ്യ നിരീക്ഷണ വിഭാഗം ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, മധുരപലഹാരങ്ങള്‍, അണ്ടിപ്പരിപ്പ് എന്നിവയ്ക്കുള്ള ഷോപ്പുകള്‍, മാംസവില്‍പന ശാലകള്‍, പരമ്പരാഗത ഭക്ഷണസാധനങ്ങള്‍ക്കുള്ള ഭക്ഷണശാലകള്‍ എന്നിവകളിലാണ് പരിശോധന നടത്തിയത്.
ആഘോഷവേളയില്‍ ഉപഭോക്താക്കളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിായി മുനിസിപ്പല്‍ ഇന്‍സ്‌പെക്ടര്‍മാര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്ന കടകളും പരിശോധിച്ചു. വെറ്ററിനറി ഡോക്ടര്‍മാരുള്ള ഇന്‍സ്‌പെക്ടര്‍മാരുടെ സംഘത്തെ അറവുശാലകള്‍, ഇറച്ചി, മത്സ്യക്കടകള്‍ എന്നിവയില്‍ വിന്യസിച്ചിട്ടുണ്ട്. അല്‍ വകറ മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള മുനിസിപ്പല്‍ ഇന്‍സ്‌പെക്ടര്‍മാര്‍ മുനിസിപ്പാലിറ്റിയിലുടനീളമുള്ള ഭക്ഷണശാലകളില്‍ പരിശോധന നടത്തി.
ഫിഷ് മാര്‍ക്കറ്റ്, അല്‍ വകറ സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധന നടത്തി. വരും ദിവസങ്ങളിലും തീവ്രമായ പരിശോധന കാമ്പെയ്നുകള്‍ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി