സ്വന്തമായി ട്രാക്കിംഗ് നമ്പര്‍ വികസിപ്പിച്ച് ഖത്തര്‍
റഷാദ് മുബാറക് അമാനുല്ല
ദോഹ : സ്വന്തമായി ട്രാക്കിംഗ് നമ്പര്‍ വികസിപ്പിച്ച് ഖത്തര്‍. ഉല്‍പന്നങ്ങളുടെ ഉറവിടം, സാധുത, ഘടകങ്ങള്‍, വില തുടങ്ങിയ വിശദാംശങ്ങള്‍ ആധികാരികമായയറിയാന്‍ ട്രാക്കിംഗ് നമ്പര്‍ സഹായകമാകും. ഇതുവരെ മറ്റു രാജ്യങ്ങളുടെ ട്രാക്കിംഗ് നമ്പറാണ് ഖത്തറില്‍ ഉപയോഗിച്ചിരുന്നത്.
എന്നാല്‍ പുതിയ നാഷണല്‍ ട്രാക്കിംഗ് നമ്പര്‍ നടപ്പാക്കുന്നതോടെ 630 എന്ന് തുടങ്ങുന്ന ട്രാക്കിംഗ് കോഡിലൂടെ വിവിധ ഖത്തരീ ഉല്‍പന്നങ്ങളുടെ വിശദാംശങ്ങള്‍ അറിയാവുന്നതാണ്.
ഖത്തറില്‍ ക്യൂ ലൈഫ് ഫാര്‍മയാണ് പ്രഥമ നാഷണല്‍ ട്രാക്കിംഗ് നമ്പര്‍ സ്വന്തമാക്കിയത്. വാണിജ്യ വ്യവസായ മന്ത്രിയും ആക്റ്റിംഗ് ധനകാര്യ മന്ത്രിയുമായ അലി ബിന്‍ അഹമ്മദ് അല്‍ കുവാരി ക്യൂ ലൈഫ് പ്രതിനിധിക്ക് നമ്പര്‍ കൈമാറി.
ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ പ്രൊഡ്കറ്റ് കോഡിംഗ് ആന്റ് ട്രാക്കിംഗ് ഓഫീസിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ട്രാക്കിംഗ് കോഡ് നടപ്പിലാക്കുക.
പ്രാദേശിക വിപണിയിലോ കയറ്റുമതി മാര്‍ക്കറ്റിലോ താല്‍പര്യമുള്ള എല്ലാ ഖത്തരീ കമ്പനികളും നാഷണല്‍ ട്രാക്കിംഗ് നമ്പര്‍ ലഭിക്കുവാന്‍ ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ പ്രൊഡ്കറ്റ് കോഡിംഗ് ആന്റ് ട്രാക്കിംഗ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. മെയ് 23 മുതല്‍ താഴെ കാണുന്ന www.gs1.qa എന്ന വെബ്‌സൈറ്റിലൂടെയും രജിസ്റ്റര്‍ ചെയ്യാം.