Uncategorized

കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് സുരക്ഷ മുന്‍കരുതലുകള്‍ അവഗണിക്കാനുള്ള ലൈസന്‍സല്ല. ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ഖാല്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് സുരക്ഷ മുന്‍കരുതലുകള്‍ അവഗണിക്കാനുള്ള ലൈസന്‍സല്ലെന്നും സുരക്ഷ മുന്‍കരുതലുകളില്‍ വീഴ്ചവരുത്തരുതെന്നും ഉത്തരവാദിത്തബോധത്തോടും ജാഗ്രതയോടും പെരുമാറണമെന്നും കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതിനുള്ള ദേശീയ കമ്മറ്റി അധ്യക്ഷന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ മുന്നറിയിപ്പ് നല്‍കി.

ഖത്തര്‍ കോവിഡിന്റെ രണ്ടാം തരംഗത്തെ അതിജീവിച്ചുവരികയാണെങ്കിലും കോവിഡ് ഭീഷണി പൂര്‍ണമായും ഒഴിയുന്നതുവരെ സുരക്ഷ മുന്‍കരുതല്‍ നടപടികള്‍ പിന്തുടരണം. ലോകത്തിന്റെ പല ഭാഗങ്ങളിലും മൂന്നാം തരംഗം ഭീഷണിയുയര്‍ത്തിയ കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു.

കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് ഖത്തര്‍ സാധാരണ നിലയിലേക്ക് വരികയാണ്. കോവിഡ് പ്രതിരോധ രംഗത്ത് പുതിയ മാതൃക സൃഷ്ടിച്ചാണ് തീവ്രമായ രണ്ടാം തരംഗത്തെ ഖത്തര്‍ പിടിച്ചുകെട്ടിയത്്. കൂട്ടായ പരിശ്രമങ്ങളിലൂടെ രോഗ വ്യാപനം തടയാനും രോഗികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാനും സാധിച്ചതിന്റെയടിസ്ഥാനത്തിലാണ് രാജ്യം മെല്ലെ സാധാരണ നിലയിലേക്ക് നീങ്ങുന്നത്.

ആശുപത്രിയിലും തീവ്ര പരിചരണ വിഭാഗങ്ങളിലുമുള്ള രോഗികള്‍ ഗണ്യമായി കുറയുകയും പ്രതിദിന കോവിഡ് കേസുകള്‍ നാലായിരത്തിലേക്ക് ചുരുങ്ങുകയും ചെയ്ത സാഹചര്യത്തില്‍ കണിശമായ കോവിഡ് പ്രോട്ടോക്കോളുകളിലും നിയന്ത്രണങ്ങളിലും ഘട്ടം ഘട്ടമായി അയവ് വരുത്താനൊരുങ്ങുകയാണ് രാജ്യം. സ്ഥിതിഗതികള്‍ നിരീക്ഷിച്ചും വിലയിരുത്തിയും മൂന്നാഴ്ചയുടെ ഇടവേളയിലാണ് നിയന്ത്രണങ്ങള്‍ ഇളവ് വരുത്തുന്നതിന്റെ ഓരോ ഘട്ടവും ആസൂത്രണം ചെയ്തിരിക്കുന്നത്. ആദ്യ ഘട്ടം ഇന്നാരംഭിക്കുമ്പോള്‍ തന്നെ സമൂഹത്തില്‍ വലിയ പ്രതീക്ഷയും പ്രത്യാശയുമാണ് കാണുന്നത്. മാസങ്ങളോളം വീടകങ്ങളില്‍ ബന്ധിതമായിരുന്നവര്‍ക്ക് പുറത്തിറങ്ങാനും പരിമിതമായ തോതില്‍ കൂട്ടം ചേരാനുമൊക്കെ അനുമതി നല്‍കുന്നുവെന്നതാണ് ആദ്യഘട്ട ഇളവുകളില്‍ പ്രധാനം.

രണ്ട് ലക്ഷത്തി പതിനായിരത്തിലധികം രോഗമുക്തിയുമായി ഖത്തറിലെ ആരോഗ്യ രംഗവും പൊതു സമൂഹവും കൈ കോര്‍ക്കുമ്പോള്‍ കൊറോണയുടെ ഭീകരമായ രണ്ടാം തരംഗത്തിന്റെ ദുരന്തങ്ങളേയും അതിജീവിച്ച് രാജ്യം ആശ്വാസത്തിന്റെ തണലിലേക്ക് നീങ്ങുന്നുവെന്നത് ഏറെ സന്തോഷം പകരുന്നതാണ്. ഗവണ്‍മെന്റ് അധികൃതരും ആരോഗ്യ പ്രവര്‍ത്തകരും മികച്ച നേതൃത്വവും കോവിഡ് പ്രതിരോധ രംഗത്ത് വിസ്മയകരമായ പ്രകടനം കാഴ്ചവെക്കുമ്പോള്‍ ഖത്തര്‍ ലോകാടിസ്ഥാനത്തില്‍ തന്നെ ആരോഗ്യ പരിചരണ രംഗത്ത് ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ലോകാടിസ്ഥാനത്തില്‍ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കാണ് ഖത്തറിന്റെ പ്രധാനമായ നേട്ടം. മൊത്തം 552 പേരാണ് ഖത്തറില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. വാക്‌സിനേഷന്‍ രംഗത്തും ലോകത്ത് ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തര്‍.

രാജ്യത്തെ അര്‍ഹരായ മുഴുവനാളുകള്‍ക്കും തികച്ചും സൗജന്യമായി വാക്സിന്‍ നല്‍കുന്ന പ്രക്രിയ അതിവേഗം പുരോഗമിക്കുകയാണ്. മൊത്തം 28 ലക്ഷത്തില്‍ താഴെ ജനങ്ങളുള്ള രാജ്യത്ത് ഇതിനകം തന്നെ 2440930 ഡോസ് വാക്‌സിനുകള്‍ നല്‍കി കഴിഞ്ഞു. പ്രായം, വിട്ടുമാറാത്ത രോഗമുള്ളവര്‍, ജോലിയുടെ സ്വഭാവം മുതലായയവ പരിഗണിച്ച് മുന്‍ഗണനാടിസ്ഥാനത്തിലാണ് ഡിസംബര്‍ 23 ന് ആരംഭിച്ച വാക്‌സിനേഷന്‍ കാമ്പയിന്‍ മുന്നോട്ടുപോകുന്നത് ഇപ്പോള്‍ 30 വയസ്സ് പ്രായമുള്ളവര്‍ക്ക് വരെയാണ് വാക്‌സിന്‍ നല്‍കുന്നത്. 30 വയസ്സില്‍ താഴെയുള്ള തൊഴിലാളികള്‍ക്ക് അടുത്ത ഘട്ടത്തിലാണ് വാക്‌സിന്‍ ലഭിക്കുക

രാജ്യത്തെ 80 മുതല്‍ 90 ശതമാനം വരെ പേരും വാക്‌സിനെടുക്കുന്നതോടെ രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുമെന്നാണ് കണക്കുകൂട്ടുന്നത്.

12 മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി ഫൈസര്‍ വികസിപ്പിച്ച വാക്‌സിനും നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യുവാന്‍ മന്ത്രാലയം രക്ഷിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ വേനലവധി കഴിഞ്ഞ് സ്‌ക്കൂളുകള്‍ തുറക്കുമ്പോള്‍ സാധാരണ നിലയിലുള്ള ക്‌ളാസുകളാരംഭിക്കുവാനാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഇതുവരെ പൂര്‍ണമായും ഓണ്‍ലൈനായിരുന്ന ക്‌ളാസുകള്‍ ഞായറാഴ്ച മുതല്‍ 30 ശതമാനം ശേഷിയില്‍ ബ്‌ളന്‍ഡഡ് ലേണിംഗായാണ് നടക്കുക.

Related Articles

Back to top button
error: Content is protected !!