ഇഹ്തിറാസ് ആപ്ളിക്കേഷനില്‍ കൂടുതല്‍ പുതിയ ഫീച്ചറുകള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഖത്തര്‍ വികസിപ്പിച്ചെടുത്ത ഇഹ്തിറാസ് ആപ്ളിക്കേഷനില്‍ കൂടുതല്‍ പുതിയ ഫീച്ചറുകള്‍ ലഭ്യമായി തുടങ്ങി. വ്യക്തിയുടെ ഹെല്‍ത്ത് കാര്‍ഡ് നമ്പര്‍, അവസാന കോവിഡ് -19 പരിശോധനയുടെ തീയതി, അനുബന്ധ ഫലം എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങളാണ് പുതുതായി ലഭ്യമാകുന്ന വിവരങ്ങള്‍.
കോവിഡ് ഭേദമായവര്‍ക്ക് രോഗം ഭേദമായ തീയതി, രോഗം ബാധിച്ച തീയതി, അണുബാധയ്ക്ക് ശേഷമുള്ള ദിവസങ്ങളുടെ എണ്ണം എന്നിവ കാണിക്കുന്നു. ഖത്തറിലെ പല സ്ഥലങ്ങളിലും കോവിഡ് ഭേദമായവര്‍ക്ക് വാക്സിനേഷന്‍ ലഭിച്ച ആളുകളെപ്പോലെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നതിനാല്‍ ഈ അപ്ഡേഷന്‍ ഏറെ പ്രയോജനകരമാണ്.
വ്യക്തിയുടെ ആരോഗ്യ നില ആപ്ളിക്കേഷനിലെ ക്യുആര്‍ കോഡ് വഴി മനസ്സിലാക്കാം. പൂര്‍ണ്ണമായും വാക്സിനേഷനെടുത്തവര്‍ക്ക് വാക്സിനേറ്റഡ് എന്നെഴുതി ക്യുആര്‍ കോഡിന് ചുറ്റും ഒരു സ്വര്‍ണ്ണ ഫ്രെയിം ഉണ്ടാകും.
എന്നാല്‍ കോവിഡ് -19 പരിശോധിച്ചിട്ടില്ലാത്ത വ്യക്തികള്‍ക്ക്, ആരോഗ്യ കാര്‍ഡ് വിശദാംശങ്ങള്‍ ആരോഗ്യ നിലയ്ക്ക് താഴെയായി ദൃശ്യമാകില്ല.