
ഖത്തറിലേക്ക് ഹലാല്‍ ഭക്ഷണസാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിലേക്ക് ഹലാല്‍ ഭക്ഷണസാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം . മന്ത്രാലയം വെബ്സൈറ്റില്‍ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളില്‍ ഹലാല്‍ ഉല്പന്നങ്ങളും ഹലാലായ രൂപത്തില്‍ അറവ് നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് നല്കാന് അധികാരമുള്ള ഇസ്ലാമിക അധികാരികള്‍ സംബന്ധിച്ചും വിവരങ്ങളുണ്ട്.
ഭക്ഷ്യ സുരക്ഷ രംഗത്തെ സുപ്രധാനമായൊരു നാഴികകല്ലാണിത്. ഖത്തറിലേക്ക് കയറ്റുമതി ചെയ്യുന്ന മാംസവും മാംസ ഉല്പന്നങ്ങളും ഹലാലാണെന്ന് ഉറപ്പുവരുത്തുകയും ഖത്തര്‍ അംഗീകരിച്ച ഏതെങ്കിലും അധികൃതര്‍ ഹലാലാണെന്ന് സാക്ഷ്യപ്പെടുത്തുകയും വേണം. മാടുകളെ അറുക്കുന്നതിന് മേല്‍നോട്ടം വഹിക്കുകയും കൃത്യമായ ഇസ് ലാമിക രീതിയിലാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതെന്ന് ഉറപ്പുവരുത്തുകയും വേണം.
നിയമലംഘനങ്ങള്‍ ഒഴിവാക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാന്‍ പൊതു ആരോഗ്യ മന്ത്രാലയത്തിന്റെ ഭക്ഷ്യ സുരക്ഷ, പരിസ്ഥിതി ആരോഗ്യ വകുപ്പ് എല്ലാ ഇറക്കുമതിക്കാരോടും ബന്ധപ്പെട്ട കമ്പനികളോടും ആവശ്യപ്പെട്ടു. പൊതുജനാരോഗ്യ മന്ത്രാലയം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത പക്ഷം ഭക്ഷണ സാധനങ്ങള്‍ തിരിച്ചയക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.