ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമമുറപ്പുവരുത്തുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും, ഇന്ത്യന്‍ അംബാസിഡര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമമുറപ്പുവരുത്തുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍. ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള അപെക്‌സ് ബോഡികളുടെയും അഫിലിയേറ്റഡ് സംഘടനകളുടെയും പ്രതിനിധികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറില്‍ അംഗീകരിച്ച വാക്സിന്‍ പൂര്‍ത്തീകരിച്ച് ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാരുടെ ക്വാറന്റൈന്‍ ഒഴിവാക്കല്‍, വാക്സിനെടുത്ത ശേഷം നാട്ടിലേക്ക് പോകുന്നവരുടെ ആര്‍.ടി.പി.സി.ആര്‍ പരിശോധന ഒഴിവാക്കല്‍ തുടങ്ങി പല പ്രശ്നങ്ങളും എംബസിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഓരോ പ്രശ്നത്തിലും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അംബാസഡര്‍ ഉറപ്പുനല്‍കി.
കോവിഡിന്റെ രണ്ടാം തരംഗം വലിയ വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തില്‍ ഇന്ത്യക്ക് ഖത്തറും, ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സംഘടനകളും നല്‍കിയ പിന്തുണ പ്രശംസനീയമാണെന്ന് അംബാസഡര്‍ പറഞ്ഞു. ഐ.സി.ബി.എഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഹീല്‍ ഇന്ത്യ കാമ്പയിന് വമ്പിച്ച പ്രതികരണമാണ് സമൂഹത്തില്‍ നിന്നുമുണ്ടാകുന്നത്.
ഐ.സി.സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഐ.എസ്.സി വൈസ് പ്രസിഡന്റ് ഷെജി വലിയകത്ത്, ഐ.ബി.പി.സി പ്രസിഡന്റ് അസിം അബ്ബാസ്, എന്നിവര്‍ സംഘടന പ്രവര്‍ത്തന റിപ്പോര്‍ട്ടും ഭാവി പരിപാടികളും വിശദീകരിച്ചു.
ഇന്തോ ഖത്തര്‍ ബിസിനസ് ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കാനും ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സാമൂഹ്യ സാംസ്‌കാരിക സേവനരംഗങ്ങളിലെ പ്രശ്നങ്ങളും പ്രയാസങ്ങളും വിശകലനം ചെയ്യാനും സഹായകമായ ചര്‍ച്ചകളാണ് ഓപണ്‍ ഹൗസില്‍ നടന്നത്. ഐ.സി.സി. കോര്‍ഡിനേറ്റിംഗ് ഓഫീസര്‍ സേവ്യര്‍ പരിപാടി നിയന്ത്രിച്ചു