ഖത്തറിന്റെ ഇസ്‌ലാമിക് ഫിനാന്‍സ് ആസ്തികള്‍ വളരുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ ഇസ്‌ലാമിക് ഫിനാന്‍സ് ആസ്തികള്‍ വളരുന്നു. പ്രാദേശികവും അന്തര്‍ദേശീയവുമായ തലങ്ങളില്‍ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള തുടര്‍ച്ചയായ നയപരിപാടികളിലൂടെ ഖത്തറിന്റെ ഇസ്‌ലാമിക് ഫിനാന്‍സ് ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ശൈഖ അബ്ദുല്ല ബിന്‍ സുഊദ് അല്‍ ഥാനി അഭിപ്രായപ്പെട്ടു. ഇന്നലെ പുറത്തിറങ്ങിയ ബൈത്തുല്‍ മശൂറ ഫിനാന്‍സ് കണ്‍സല്‍ട്ടേഷന്റെ ഇസ്‌ലാമിക് ഫിനാന്‍സ് ഇന്‍ ഖത്തര്‍ റിപ്പോര്‍ട്ടിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഖത്തറിലെ ഇസ്‌ലാമിക് ഫിനാന്‍സ് ആസ്തി 2020 ല്‍ 528 ബില്യണ്‍ റിയാലായിരുന്നു. ഇതില്‍ 86 ശതമാനവും ഇസ് ലാമിക് ബാങ്കുകളുടെ ആസ്ഥിയാണ് . നൂതനവും ആകര്‍ഷകവുമായ സേവനങ്ങളിലൂടെ മികച്ച പ്രകടനമാണ് ഖത്തറിലെ ഇസ്് ലാമിക് ബാങ്കുകള്‍ കാഴ്ചവെക്കുന്നത്. കഴിഞ്ഞ വര്‍ഷം ഖത്തറിലെ ഇസ് ലാമിക് ബാങ്കുകള്‍ 8.4 ശതമാനം വളര്‍ച്ച കൈവരിച്ചു. നിക്ഷേപ രംഗത്തെ വളര്‍ച്ച 8.7 ശതമാനമായിരുന്നു. ഇതില്‍ 56 ശതമാനത്തോളം സ്വകാര്യ മേഖലയില്‍ നിന്നുള്ള നിക്ഷേപങ്ങളായിരുന്നു.
ഇസ് ലാമിക് ഇന്‍ഷ്യൂറന്‍സ്് സംവിധാനവും കൂടുതല്‍ ജനകീയമാകുന്നുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. തകാഫുല്‍ ഇന്‍ഷ്യൂറന്‍സ് ആസ്ഥി 2.2 ബില്യണ്‍ റിയാലായി ഉയര്‍ന്നിട്ടുണ്ട്
കോവിഡ് കാലം ആഗോളാടിസ്ഥാനത്തില്‍ കനത്ത സാമ്പത്തിക വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ബാങ്കിംഗ് മേഖലയിലും അതിന്റെ പ്രതിഫലനം വ്യക്തമാണ് . എങ്കിലും നൂതനമായ സാങ്കേതിക വിദ്യകളും ആകര്‍ഷകമായ സേവനങ്ങളും നടപ്പാക്കി വെല്ലുവിളികളെ മറികടക്കാനാണ് ഖത്തറിലെ ഇസ് ലാമിക് ഫിനാന്‍സ് മേഖല ശ്രമിക്കുന്നത്. ഖത്തര്‍ മൊബൈല്‍ പേമെന്ററ് സിസ്റ്റം പോലുള്ള നൂതന സംവിധാനങ്ങളിലൂടെ ഖത്തര്‍ ദേശീയ വിഷന്‍ 2030 വിഭാവനം ചെയ്യുന്ന വളര്‍ച്ചയിലേക്കുള്ള കുതിച്ചുചാട്ടമാണ് രാജ്യത്തെ സാമ്പത്തിക മേഖല നടത്തുന്നതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.