Uncategorized

ഫിഫ അറബ് കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പന നാളെ (ജൂണ്‍ 15 ചൊവ്വ) ആരംഭിക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ അറബ് കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പന നാളെ (ജൂണ്‍ 15 ചൊവ്വ) ആരംഭിക്കും. ജൂണ്‍ 19 മുതല്‍ 25 വരെ ഏഴ് യോഗ്യതാമത്സരങ്ങളാണ് ഖത്തറില്‍ നടക്കുക. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 വേളയില്‍ മത്സരങ്ങള്‍ നടക്കാനിരിക്കുന്ന ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം എന്നീ രണ്ട് വേദികളില്‍ തുടര്‍ച്ചയായ രാത്രികളിലാണ് കളി നടക്കുക.

20 റിയാല്‍ വിലയുള്ള ടിക്കറ്റുകള്‍ ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ വെബ്സൈറ്റില്‍ നിന്നാണ് ലഭിക്കുക. tickets.qfa.qa എന്നതാണ് ടിക്കറ്റ് ലഭിക്കുന്നതിനുള്ള സൈറ്റ്
12 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. കൂടാതെ കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍ കോവിഡ് ബാധിച്ച് ഭേദമായവര്‍ക്കും പൂര്‍ണ്ണമായി വാക്സിനേഷന്‍ എടുത്തവര്‍ക്കുമാണ് പ്രവേശനം അനുവദിക്കുക. ഒരാള്‍ക്ക് പരമാവധി നാല് ടിക്കറ്റാണ് വാങ്ങാന്‍ കഴിയുക.

ജൂണ്‍ 19 (രാത്രി 8 മണിക്ക്) – ലിബിയ – സുഡാന്‍ – ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം
ജൂണ്‍ 20 (രാത്രി 8 മണിക്ക്്) – ഒമാന്‍ – സൊമാലിയ – ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം
ജൂണ്‍ 21 (രാത്രി 8 മണിക്ക്) – ജോര്‍ദാന്‍ – സൗത്ത് സുഡാന്‍ – ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം
ജൂണ്‍ 22 (രാത്രി 8 മണിക്ക്) – മൗറിറ്റാനിയ – യെമന്‍ – ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം
ജൂണ്‍ 23 (രാത്രി 8 മണിക്ക്) – ലെബനന്‍ – ജിബൂട്ടി – ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം
ജൂണ്‍ 24 (രാത്രി 8 മണിക്ക് ) പലസ്തീന്‍ – കൊമോറോസ് – ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം
ജൂണ്‍ 25 (രാത്രി 8 മണിക്ക് ) ബഹ്‌റൈന്‍ – കുവൈറ്റ് – ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം

രണ്ട് സ്റ്റേഡിയങ്ങളിലും ആരാധകരുടെയും കളിക്കാരുടെയും സൗകര്യത്തിനായി നൂതനമായ കൂളിംഗ് സാങ്കേതികവിദ്യയുണ്ട്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഓരോ മത്സരത്തിനും സ്റ്റേഡിയത്തിന്റെ പരമാവധി 30% ശേഷി കാണികളെയാണ് അനുവദിക്കുക.

മാസ്‌ക് ധരിക്കുക, ഇഹ്തിറാസ് ആപ്ളിക്കേഷനില്‍ സ്റ്റാറ്റസ് പച്ചയാണെന്ന് ഉറപ്പുവരുത്തുക, സാമൂഹിക അകലം പാലിക്കുക എന്നിവ നിര്‍ബന്ധമാണ്. സ്റ്റേഡിയത്തിനുള്ളില്‍ ഭക്ഷണമോ പാനീയങ്ങളോ അനുവദിക്കില്ല, വേദിക്ക് സമീപമുള്ള ഏതെങ്കിലും സ്ഥലത്ത് ആരാധകരെ ഒത്തുകൂടാന്‍ അനുവദിക്കില്ല.

കളി കാണുവാന്‍ വരുന്നവര്‍ പൊതുഗതാഗതം ഉപയോഗിക്കാന്‍ സംഘാടകര്‍ പ്രോത്സാഹിപ്പിക്കുന്നു. രണ്ട് സ്റ്റേഡിയങ്ങളും മെട്രോ സ്റ്റേഷനില്‍ നിന്നും നടക്കാവുന്ന ദൂരത്തിലാണ്. സ്പോര്‍ട്സ് സിറ്റി സ്റ്റേഷന് സമീപമാണ് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, അല്‍ സുഡാന്‍ സ്റ്റേഷന് സമീപമാണ് ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം. രണ്ട് സ്റ്റേഷനുകളും ഗോള്‍ഡ് ലൈനിലാണ്.

വിജയികളായ എല്ലാ ടീമുകളും ഈ വര്‍ഷം അവസാനം ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് ഫൈനലിന് യോഗ്യത നേടും, ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന് സമാനമായ സമയപരിധിക്കുള്ളില്‍. ഫിഫ റാങ്കിംഗ് അനുസരിച്ച് പ്രമുഖരായ ഒമ്പത് രാജ്യങ്ങള്‍ ഇതിനകം തന്നെ മല്‍സരത്തിന് യോഗ്യത നേടിയിട്ടുണ്ട്. ആതിഥേയ രാജ്യമായ ഖത്തര്‍, ടുണീഷ്യ, അള്‍ജീരിയ, മൊറോക്കോ, ഈജിപ്ത്, സൗദി അറേബ്യ, ഇറാഖ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സിറിയ എന്നിവയാണ് ഫിഫ അറബ് കപ്പ് ഫൈനലിന് യോഗ്യത നേടിയിട്ടുള്ളത്.

Related Articles

Back to top button
error: Content is protected !!