Uncategorized

വേസ്റ്റ് നിയന്ത്രിക്കുവാന്‍ റീസൈക്ലിംഗ് പൈലറ്റ് പ്രോഗ്രാമുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : വേയ്സ്റ്റ് നിയന്ത്രിക്കുവാന്‍ റീസൈക്ലിംഗ് പൈലറ്റ് പ്രോഗ്രാമുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍. ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയിലെ തിരഞ്ഞെടുത്ത സൈറ്റുകളിലാണ് റീസൈക്ലിംഗ് പൈലറ്റ് പ്രോഗ്രാം ആരംഭിച്ചത്.

വേസ്റ്റ് വൈസ് പ്രോഗ്രാം എന്ന പദ്ധതി പേപ്പര്‍, അലുമിനിയം, പ്ലാസ്റ്റിക്, മറ്റ് മാലിന്യങ്ങള്‍ എന്നിവ റീസൈക്കിള്‍ ചെയ്യുന്നതിന് സജ്ജമാക്കിയ അത്യാധുനിക ബിന്നുകള്‍ ഉപയോഗിക്കാന്‍ സ്റ്റാഫ്, രോഗികള്‍, സന്ദര്‍ശകര്‍ എന്നിവരെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, റീസൈക്ലിംഗുമായി ബന്ധപ്പെട്ട ശീലങ്ങളും പെരുമാറ്റങ്ങളും മാറ്റാനും ലക്ഷ്യം വെക്കുന്നതാണ്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ആഗോളതലത്തില്‍ ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വഴി ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ 85 ശതമാനവും പൊതുവായതും അപകടകരമല്ലാത്തതുമായ മാലിന്യങ്ങളാണ്, ഇതില്‍ ഭൂരിഭാഗവും പുനരുപയോഗം ചെയ്യാന്‍ കഴിയും.

ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 നും പാരിസ്ഥിതിക സുസ്ഥിരതയ്ക്കുള്ള പ്രതിബദ്ധതയ്ക്കും അനുസൃതമായി, ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ഖത്തറിലെ മണ്ണിലിടുന്ന പൊതു മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനാണ് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ശ്രമിക്കുന്നതെന്ന് എച്ച്.എം.സി ഹെല്‍ത്ത് കെയര്‍ ഫെസിലിറ്റീസ് മേധാവിയും ബിസിനസ് സര്‍വീസസിന്റെ ആക്റ്റിംഗ് ചീഫുമായ ഹമദ് അല്‍ ഖലീഫ പറഞ്ഞു.

 

ലാന്‍ഡ്ഫില്ലിലേക്ക് അയക്കുന്ന പൊതു മാലിന്യത്തിന്റെ അളവ് 2021 ല്‍ 10 ശതമാനവും 2022 നവംബറില്‍ 15 ശതമാനവും കുറയ്ക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി, നാല് ഘട്ട പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അതിന്റെ ആദ്യപടിയായാണ് എച്ച്.എം.സിയുടെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ബിന്നുകള്‍ സ്ഥാപിച്ചത്. 2022 ല്‍ രാജ്യം ലോക കപ്പിന് ആതിഥ്യമരുളുമ്പോള്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ എല്ലാ കേന്ദ്രങ്ങളിലും ഈ സൗകര്യം ഏര്‍പ്പെടുത്താനാണ് പരിപാടി

ജനങ്ങള്‍ അധികമായി ഉപയോഗിക്കുന്ന ലോബി, റിസപ്ഷന്‍, കഫറ്റീരിയകള്‍ മുതലായ സ്ഥലങ്ങളിലൊക്കെ വ്യത്യസ്ത വേസ്റ്റുകള്‍ക്കുള്ള പുതിയ റീസൈക്ലിംഗ് ബിനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോ മാസവും എത്രമാത്രം പുനരുപയോഗം ചെയ്യുന്നുവെന്ന് നിരീക്ഷിക്കാന്‍ പുതിയ മാലിന്യ സംവിധാനം എച്ച്.എം.സിയെ പ്രാപ്തമാക്കുന്നു.

റീസൈക്കിള്‍ ചെയ്യാവുന്നതെന്താണ്, ചവറ്റുകുട്ടകള്‍ എങ്ങനെ ഉപയോഗിക്കാം, എങ്ങനെ ഇടപെടാം എന്ന് ഉദ്യോഗസ്ഥരെയും സന്ദര്‍ശകരെയും ബോധവല്‍ക്കരിക്കുന്ന കാമ്പയിനും പൈലറ്റ് പ്രോഗ്രാമില്‍ ഉള്‍പ്പെടുന്നു.

എച്ച്.എം.സിയിലും വേസ്റ്റ് വൈസ് പ്രോഗ്രാമിലും റീസൈക്ലിംഗ് സ്വീകരിക്കുന്നത് ജീവനക്കാരുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന് അല്‍ ഖലീഫ പറഞ്ഞു. എച്ച്.എം.സിയിലുടനീളം ഞങ്ങള്‍ ഈ പ്രാഗ്രാം വികസിപ്പിക്കുമ്പോള്‍, മാലിന്യം നിയന്ത്രിക്കാനും റീസൈക്കിളിംഗ് ചെയ്യാനും മാലിന്യങ്ങള്‍ ഉചിതമായ ചവറ്റുകുട്ടകളില്‍ നിക്ഷേപിച്ച് ഈ പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

Related Articles

Back to top button
error: Content is protected !!