ഖത്തറില്‍ പഴയ ബാങ്ക് നോട്ടുകള്‍ ഡിസംബര്‍ 31 വരെ മാറ്റിയെടുക്കാം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ പഴയ ബാങ്ക് നോട്ടുകള്‍ ഡിസംബര്‍ 31 വരെ മാറ്റിയെടുക്കാം. ഖത്തര്‍ ഇസ്‌ലാമിക് ബാങ്കാണ് ഇത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കിയത്. ഖത്തര്‍ ഇസ് ലാമിക് ബാങ്കിന്റെ ക്യാശ് ഡെപ്പോസിറ്റ് മെഷീനുകള്‍ ഉപയോഗിച്ച് പഴയ നോട്ടുകള്‍ മാറ്റിയെടുക്കുവാന്‍ ഉപഭോക്താക്കളെ പ്രോല്‍സാഹിപ്പിക്കുന്നതായും ബാങ്ക് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഇത് സംബന്ധിച്ച് എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയതായാണറിയുന്നത്.
കൊറോണ കാരണം നാട്ടില്‍ കുടുങ്ങിയവരടക്കം പലര്‍ക്കും സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്. പലരും കയ്യിലുള്ള പഴയ നോട്ടുകള്‍ എങ്ങനെ മാറ്റിയെടുക്കാമെന്ന ചിന്തയിലായിരുന്നു. ഡിസംബര്‍ 31 വരെ സമയം ലഭിച്ചത് കൊണ്ട് എല്ലാവരും സൗകര്യം പോലെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കുവാനവസരം ലഭിക്കും.
2020 ഡിസംബര്‍ 13 നാണ് നിലവിലുള്ള നാലാം സീരീസ് നോട്ടുകള്‍ പിന്‍വലിക്കുന്നതായും ഡിസംബര്‍ 18 മുതല്‍ പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കുമെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചത്. പഴയ സീരീസിലുള്ള നോട്ടുകള്‍ മാര്‍ച്ച് വരെ ഉപയോഗിക്കാമെന്നാണ് അന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ഉപഭോക്താക്കളുടെ സൗകര്യം പരിഗണിച്ച് ജൂലൈ 1 വരെ പഴയ നോട്ടുകള്‍ സ്വീകരിക്കുമെന്ന് ഫെബ്രുവരി മാസമാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. മിക്കവരും പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്ന തിരക്കിലായിരുന്നു. ഇന്നാണ് ഡിസംബര്‍ 31 വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചത്.
ഖത്തറിന്റെയും അറബ് ലോകത്തിന്റേയും സാംസ്‌കാരിക ചരിത്രവും പാരമ്പര്യവും അടയാളപ്പെടുത്തുന്ന അഞ്ചാം സീരീസിലുള്ള പുതിയ നോട്ടുകള്‍ പുതിയ കുറേ സുരക്ഷ സംവിധാനങ്ങളുള്ളവയാണ്. പുതുതായി പരിചയപ്പെടുത്തിയ 200 റിയാലിന്റെ നോട്ട് 100 ന്റെയും 500 ന്റേയും ഇടയിലുള്ള കറന്‍സി എന്ന നിലക്ക് മാത്രമല്ല ഏറെ പുതുമയും പ്രത്യേകതയുമുള്ളത് എന്ന നിലക്ക് ശ്രദ്ധേയമാണ്. ഖത്തര്‍ ഇതാദ്യമായാണ് 200 റിയാലിന്റെ നോട്ട് വിപണിയിലിറക്കിയത്.