Uncategorized
മെട്രോലിങ്ക് ബസുകള്‍ നാലു റൂട്ടുകളില്‍ നാളെ മുതല്‍ സേവനം പുനരാരംഭിക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ദോഹ മെട്രോയുടെ ഫീഡര്‍ ബസ് സര്‍വീസായ മെട്രോലിങ്ക് നാളെ ബുധനാഴ്ച (ജൂണ്‍ 30) മുതല്‍ തിരഞ്ഞെടുത്ത നാല് റൂട്ടുകളില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.
അല്‍ വകറ എം 132, ഒക്ബ ഇബ്നു നഫി എം 123, ഉം ഗുവൈലിന എം 139, അല്‍ ദോഹ അല്‍ ജദീദ എം 114 എന്നീ റൂട്ടുകളിലാണ് നാളെ മുതല്‍ സര്‍വീസ് നടത്തുക.
മെട്രോ സ്റ്റേഷനുകളിലേക്കും തിരിച്ചും സൗജന്യയാത്രയൊരുക്കുന്ന മെട്രോലിങ്ക് സേവനങ്ങള്‍ ദോഹ മെട്രോയെ കൂടുതല്‍ ജനകീയമക്കാന്‍ സഹായിച്ച ഘടകമാണ്. കോവിഡ് കാരണം നിര്‍ത്തിവെച്ചിരുന്ന സേവനങ്ങളാണ് നാളെ മുതല്‍ ഭാഗികമായി പുനരാരംഭിക്കുന്നത്.
ദോഹ മെട്രോയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തുകൊണ്ടോ വെബ്സൈറ്റ് സന്ദര്‍ശിച്ചോ മെട്രോ ഉപഭോക്താക്കള്‍ക്ക് ലഭ്യമായ മെട്രോലിങ്ക് റൂട്ടുകള്‍ കാണാന്‍ കഴിയും.