വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഖത്തറിലേക്ക് വിസിറ്റ്, ടൂറിസ്റ്റ്, ബിസിനസ് വിസകള്‍ ലഭിച്ചേക്കില്ല
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ജൂലൈ 12 ന് പ്രാബല്യത്തില്‍ വന്ന പുതിയ ട്രാവല്‍ നയമനുസരിച്ച് ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയം അംഗീകരിച്ച വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ ഖത്തറിലേക്ക് ഫാമിലി വിസിറ്റ്, ടൂറിസ്റ്റ്, ബിസിനസ് വിസകള്‍ ലഭിക്കുകയുള്ളൂവെന്നറിയുന്നു . കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണിത് . ഇനി എന്തെങ്കിലും കാരണവശാല്‍ വിസ ലഭിച്ചാലും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുളളൂവെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കി .
പുതിയ തൊഴില്‍ വിസയില്‍ ഖത്തറിലേക്ക് വരുന്നവരും വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് വ്യവസ്ഥയുണ്ട്. വിസ കോപ്പി ഹാജറാക്കിയാല്‍ വിദേശത്തേക്ക് പോകുന്നവര്‍ക്ക് എത്രയും വേഗം വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങള്‍ കേരളത്തിലുളളതിനാല്‍ ഈ വിഷയത്തില്‍ മലയാളികള്‍ക്ക് പ്രയാസമുണ്ടായേക്കില്ല.
ഹോട്ടല്‍ ക്വാറന്റൈന്റെ ഭീമമായ ചിലവ് പരിഗണിച്ച് ആയിരക്കണക്കിന് തൊഴിലാളികളാണ് ഖത്തറിലേക്കുള്ളള വിസ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടും യാത്ര മാറ്റി വെച്ചിരുന്നത്. പുതിയ യാത്ര നയം നിലവില്‍ വന്നതോടെ അത്തരം ആളുകള്‍ക്ക് സൗകര്യമായി. തൊഴിലാളികളില്ലാത്തതിനാല്‍ പല വലിയ സംരംഭകരും പുതിയ പ്രൊജക്ടുകള്‍ നീട്ടിവെച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ നയം വന്നതോടെ എത്രയും വേഗം തൊഴിലാളികളെ ഖത്തറിലെത്തിച്ച് സ്ഥാപനങ്ങള്‍ തുറക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.
ടൂറിസ്റ്റ് വിസകള്‍ ഇന്നലെ മുതല്‍ നല്‍കിത്തുടങ്ങുമെന്ന വാര്‍ത്ത വന്നതു മുതല്‍ ടൂറിസം മേഖലയില്‍ വലിയ ഉണര്‍വാണുണ്ടായത്. ഖത്തറിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് പുറമേ അയല്‍ രാജ്യങ്ങളായ സൗദി, യു. എ. ഇ , ഒമാന്‍ എന്നിവിടങ്ങളിലേക്ക് ഖത്തര്‍ വഴി പോകുന്നത് സംബന്ധിച്ചും പലരും അന്വേഷിക്കുന്നതായി ട്രാവല്‍ വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ രണ്ട് മൂന്ന് ദിവസങ്ങള്‍ക്കകം മാത്രമേ ടൂറിസ്റ്റ് വിസകള്‍ ലഭിച്ചുതുടങ്ങുകയുള്ളൂവെന്നാണ് അറിയുന്നത്.
വാക്‌സിനെടുത്ത രക്ഷിതാക്കളെ അനുഗമിക്കുന്ന ഖത്തറില്‍ താമസ വിസയുള്ള പതിനേഴ് വയസില്‍ താഴെയുള്ള വാക്‌സിനെടുക്കാത്ത കുട്ടികള്‍ 10 ദിവസത്തെ ഹോം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയാകുമെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി .