
ഈദ് ടൂറിനിടെ കടലില്‍ വീണ കുട്ടികളെ രക്ഷപ്പെടുത്തി മലയാളി യുവാവ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ കീഴുപറമ്പ നിവാസികളുടെ കൂട്ടായ്മയായ കെപ്‌വ സംഘടിപ്പിച്ച ഈദ് നിലാവ് പരിപാടിക്കിടെ അല്‍ ഖോറിലെ അല്‍ദകീറ ബീച്ചില്‍ കടലില്‍ വീണ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി കെ.ഇ അഷ്റഫ് എന്ന മലയാളി യുവാവ് ഏവരുടേയും പ്രശംസ പിടിച്ചു പറ്റി.
ബുധനാഴ്ച്ച രാത്രിയാണ് മലയാളി പ്രവാസികളെ നടുക്കിയ അപകടം സംഭവിച്ചത്. ഒരു ഭാഗത്ത് ഭക്ഷണം പാകം ചെയ്യലും മറ്റൊരു ഭാഗത്ത് ചൂണ്ടയിടലും ആഘോഷരാവാക്കിയ ഈദ് നിലാവില്‍ പൊടുന്നനെയാണ് തൊട്ടപ്പുറത്ത് നിന്ന് കുട്ടികളുടെ നിലവിളി കേള്‍ക്കുന്നത്. കുളിക്കാന്‍ ഇറങ്ങിയ രണ്ടു കുട്ടികളുടെ കരച്ചിലായിരുന്നു അത്. നിലവിളി കേട്ടിട്ടും ഒന്നും ചെയ്യാനാകാതെ കരയുന്നവരുടെ ഇടയിലേക്ക് കടന്നുവന്നഅഷ്‌റഫ് ധൈര്യത്തോടെ വെള്ളത്തിലേക്ക് എടുത്ത് ചാടി ആ കുട്ടികളെ രക്ഷിക്കുകയായിരുന്നു. എട്ടു വയസ്സുള്ള ആണ്‍കുട്ടിയെയും 12 വയസ്സുള്ള പെണ്‍കുട്ടിയെയുമാണ് രക്ഷപ്പെടുത്തിയത്.